X

കേരളത്തിന്റെ താല്‍പര്യങ്ങള്‍ തൂക്കിവിറ്റത് 25 കോടിക്ക്?

കെ.എം ഷാജഹാന്‍

കേരളത്തിലെ അഞ്ച് ജില്ലകളില്‍ അധിവസിക്കുന്ന 40 ലക്ഷത്തോളംവരുന്ന ജനങ്ങളുടെ ജീവിതസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടിന്റെ താല്‍പര്യമാണ് സംരക്ഷിക്കുന്നത് എന്ന വാദം ശക്തമായി ഉയര്‍ന്നിരിക്കുകയാണല്ലോ. മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന ബേബിഡാം ശക്തിപ്പെടുത്തി, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി വര്‍ധിപ്പിക്കുക എന്നതാണ്, മുല്ലപ്പെരിയാര്‍ സംബന്ധിച്ച തമിഴ്‌നാടിന്റെ ഏറ്റവും സുപ്രധാന ആവശ്യം. മുല്ലപ്പെരിയാറില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്, 240 അടി നീളവും എട്ട് അടി വീതിയുള്ളതുമായ ബേബി ഡാമാണ്. അടിത്തറയില്ലാതെ വെറും മൂന്ന് അടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് 53 അടി ഉയരത്തില്‍ നിര്‍മ്മിച്ചതാണ് ബോബിഡാം. മുല്ലപ്പെരിയാറില്‍, ബേബിഡാമിന്റെ ബലക്ഷയമാണ് ജലനിരപ്പ് 152 അടിയാക്കാനുള്ള സുപ്രധാന തടസ്സം. ബേബിഡാം ശക്തിപ്പെടുത്താനുള്ള സുപ്രധാന തടസ്സം തൊട്ടടുത്ത് നില്‍ക്കുന്ന മൂന്ന് വന്‍ മരങ്ങളും 10 മീറ്റര്‍ ചുറ്റളവിലുള്ള 24 മറ്റ് മരങ്ങളുമാണ്. ഈ മരങ്ങളില്‍, ബേബിഡാമിനടുത്ത് 40 സെന്റില്‍ സ്ഥിതി ചെയ്യുന്ന 15 മരങ്ങള്‍ മുറിച്ച്മാറ്റാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിക്കൊണ്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ബെന്നിച്ചന്‍ തോമസ്, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടി.കെ ജോസിന് നവംബര്‍ 6ന് കത്തെഴുതുകയായിരുന്നു.

മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുക എന്ന തങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട്‌നിന്ന ആവശ്യം അംഗീകരിച്ചതിന്റെ ഭാഗമായി, ബേബിഡാമിന് അടുത്ത്‌നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കിയ കേരള സര്‍ക്കാറിനെ അഭിനന്ദിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നവംബര്‍ 6ന് കത്തയച്ചപ്പോള്‍ മാത്രമാണ്, കേരള മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇക്കാര്യം അറിയുന്നത് എന്നാണ് കേരള സര്‍ക്കാരിന്റെ വാദം. ഇക്കാര്യം നട്ടാല്‍ കുരുക്കാത്ത നുണയാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ബേബി ഡാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തത് കേരളവും തമിഴ്‌നാടും ചേര്‍ന്നാണ് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ 14 ാം യോഗത്തോടനുബന്ധിച്ച് 2021 ജൂണ്‍ 11ന് കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്തമായി ബേബിഡാമില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമുണ്ടായത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരം മുറിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്‌സിക്യൂട്ടീവ് എ്യൂഞ്ച്യൂിനീയറാണ്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ 2021 നവംബര്‍ ഒന്നാം തിയ്യതി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗമാണ്, മുല്ലപ്പെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്ന 15 മരങ്ങള്‍ മുറിക്കാനുള്ള തീരുമാനമെടുത്തത് എന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബേബിഡാമിനോട് തൊട്ടുനില്‍ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം പെരിയാന്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഒക്ടോബര്‍ 30ന് അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടി.കെ ജോസിന്റെ ചേമ്പറില്‍ യോഗം ചേര്‍ന്നത്.

ഇതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നവംബര്‍ 9ന് പുറത്തുവന്നിരിക്കുന്നത് ബേബിഡാമിന് ചുറ്റുവട്ടത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരള സര്‍ക്കാര്‍ രണ്ട് മാസം മുമ്പുതന്നെ തീരുമാനിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നുമാത്രമല്ല, ഇക്കാര്യം വനം-ജലവിഭവ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനുപോലും അറിവുണ്ടായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മരംമുറിക്കാനുള്ള തീരുമാനം ഉണ്ടായത് കേരള-തമിഴ്‌നാട് ജലവിഭവ വനം സെക്രട്ടറിമാര്‍ 2021 സെപ്തംബര്‍ 17ന് ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം പുറത്തുവന്നതോടെ, വനം ജലവിഭവ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് മാത്രമല്ല, അന്തര്‍സംസ്ഥാന നദീജല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞുകൊണ്ടാണ് മരംമുറി ഉത്തരവ് ഇറങ്ങിയത് എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

പതിറ്റാണ്ടുകളായി കേരളം ഉയര്‍ത്തിവരുന്ന സുപ്രധാന ആവശ്യമാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്നത്. 126 വര്‍ഷം പഴക്കമുള്ള, ശര്‍ക്കരയും കരിമ്പിന്‍ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേര്‍ത്ത് തയ്യാറാക്കിയ സുര്‍ക്കി ചാന്തില്‍ കരിങ്കല്ല് കെട്ടിയുണ്ടാക്കിയ പ്രധാന മുല്ലപ്പെരിയാര്‍ അണക്കെട്ട് അതീവ ദുര്‍ബലമാണ് എന്നും, അതുകൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിച്ചേ മതിയാകു എന്നുമാണ് കേരളത്തിന്റെ നിലപാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ കേരളത്തിലെ 5 ജില്ലകളിലെ 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ് എന്നതിനാലാണ്, കേരളം ഈ നിലപാടില്‍ ഉറച്ചുനിന്നുപോന്നത്. പുതിയ അണക്കെട്ട് അനിവാര്യമാണ് എന്നത് കേരളത്തിലെ ഒരു രാഷ്ട്രീയ സമവായം കൂടിയാണ്. കേരള നിയമസഭ ഇക്കാര്യത്തില്‍ ഒന്നിലധികം തവണ ഐകണ്‌ഠ്യേന പ്രമേയം പാസാക്കുകകൂടി ചെയ്തിട്ടുള്ളതാണ്.

എന്നാല്‍, കേരളത്തിന്റെ ഈ നിലപാടിനെ തമിഴ്‌നാട് അതിശക്തമായി എതിര്‍ത്തുപോരുകയാണ്. പകരം, ദുര്‍ബലമായ ബേബിഡാം ശക്തിപ്പെടുത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുക എന്നതാണ് തമിഴ്‌നാടിന്റെ ആവശ്യം. 240 അടി നീളവും എട്ട് അടി വീതിയുമുള്ള ബേബി ഡാം വലിയ അപകട ഭീഷണി നേരിടുകയാണ്. അടിത്തറയില്ലാതെ, വെറും 3 അടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് 53 അടി ഉയരത്തില്‍ കെട്ടിപ്പൊക്കിയതാണ് ബേബിഡാം. ഇക്കാര്യമാണ് കേരളം ശക്തമായി ഉന്നയിച്ചുപോന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം എന്ന ശക്തമായ നിലപാട് കേരളം എടുത്തുപോന്നത്. എന്നാല്‍ ബേബിഡാം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന തടസം, ഡാമിന് ചുറ്റും നില്‍ക്കുന്ന വന്‍ മരങ്ങളാണ്. ഈ മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ മാത്രമേ തമിഴ്‌നാടിന് ബേബിഡാം ശക്തിപ്പെടുത്താനാവൂ. ആ ആവശ്യം കഴിഞ്ഞ 15 വര്‍ഷമായി തമിഴ്‌നാട് ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. കേരളമാകട്ടെ ഈ ആവശ്യത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത്‌പോരുകയും ചെയ്തു. എന്നാല്‍ ആ എതിര്‍പ്പെല്ലാം പൊടുന്നനെ മാറ്റി, എന്തുകൊണ്ടാണ് തമിഴ്‌നാടിന്റെ സുപ്രധാന ആവശ്യം കേരളം അംഗീകരിച്ചത്?

അതിന്റെ കാരണം ബോധ്യമാകണമെങ്കില്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി. എം.കെ 2021 ഓഗസ്റ്റ് 27ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിലവിന്റെ സത്യവാങ്മൂലം പരിശോധിച്ചാല്‍ മതി. ആ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ, സി.പി.എമ്മിന് നല്‍കിയത് 10 കോടി രൂപയും സി.പി.ഐക്ക് നല്‍കിയത് 15 കോടി രൂപയുമാണ്. ഡി.എം.കെയുടെ മൊത്തം തിരഞ്ഞെടുപ്പ് ചിലവാകട്ടെ 79.26 കോടി രൂപയും. അതായത് ഡി. എം.കെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിലവഴിച്ച തുകയുടെ 31.5 ശതമാനവും സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്കാണ് നല്‍കിയത് എന്ന് ചുരുക്കം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രഖ്യാപിത നിലപാടില്‍ നിന്ന് പൊടുന്നനെ പിന്നോട്ട് പോവുകയും (അത് കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള നിലപാടായിരുന്നു എന്നോര്‍ക്കണം), ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ നിലപാട് അംഗീകരിക്കുകയും ചെയ്തതും, ഡി.എം.കെയില്‍ നിന്ന് സി.പി.എമ്മും സി.പി.ഐയും വാങ്ങിയ 25 കോടി രൂപയും തമ്മില്‍ ആരെങ്കിലും ബന്ധിപ്പിച്ച് ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? 25 കോടി രൂപക്ക് കേരളത്തിന്റെ താല്‍പര്യങ്ങള്‍ തമിഴ്‌നാടിന്, സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് തൂക്കിവിറ്റു എന്ന് ആരെങ്കിലും ആരോപിച്ചാല്‍, അവരെ കുറ്റപ്പെടുത്താനാകുമോ?

 

Test User: