X

കേരളത്തിലെ ആദ്യ സിസേറിയന്‍ ശിശു മരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ സിസേറിയനിലൂടെ ജനിച്ച ആദ്യ ശിശു മിഖായേല്‍ ശവരിമുത്തു അന്തരിച്ചു. 98 വയസ്സായിരുന്നു. പാളയം സ്വദേശി ശവരിമുത്തു 1920ലാണ് തൈക്കാട് മാതൃശിശു സംരക്ഷകേന്ദ്രത്തില്‍ ജനിച്ചത്. സിസേറിയന്‍ കേരളത്തിലെത്തിയതിന്റെ ശതാബ്ദിക്ക് ഒരു വര്‍ഷം ശേഷിക്കവെയാണ് ശവരിമുത്തുവിന്റെ വിടവാങ്ങല്‍.

വിദേശ പഠനം പൂര്‍ത്തിയാക്കി തൈക്കാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ സേവനമാരംഭിച്ച സര്‍ജന്‍ മേരി പുന്നന്‍ ലൂക്കോസാണ് സംസ്ഥാനത്ത് ആദ്യമായി സിസേറിയന്‍ നടത്തിയത്.
പാളയം സ്വദേശികളായ മിഖായേലിന്റെയും മേരിയുടെയും മകനാണ് ശവരിമുത്തു. നാലാമത്തെ പ്രസവത്തിലാണ് ശവരിമുത്തു പിറന്നത്.

ആദ്യ മൂന്നു പ്രസവത്തിലും മേരിയുടെ കുഞ്ഞുങ്ങള്‍ പ്രസവത്തിലൂടെ മരിച്ചു. സാധാരണ പ്രസവമാണെങ്കില്‍ നാലാമത്തെ കുഞ്ഞും മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് സിസേറിയന്‍ ആശയം മുന്നോട്ടുവെച്ചത്. കേട്ടപ്പോള്‍ ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് മേരിയും മിഖായേലും ശസ്ത്രക്രിയക്കു സമ്മതം മൂളി. ഡോ.മേരിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ ശവരിമുത്തു പിറന്നു. അത്ഭുത ശിശുവായാണ് ജനങ്ങള്‍ ശവരിമുത്തുവിനെ ആദ്യ നാളുകളില്‍ കണ്ടത്.

ദീര്‍ഘനാള്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച ശവരിമുത്തു സര്‍ക്കാര്‍ പ്രസിലെ ജീവനക്കാരനായാണ് പ്രവര്‍ത്തിച്ചത്.

chandrika: