സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയിൽ തെങ്ങ് വീണ് വീട്ടമ്മയും തൃശ്ശൂർ അരിപ്പാലത്ത് തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥിയും മരിച്ചു.കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഹുസൈൻ കുട്ടി എന്നയാളെ കാണാതായി. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്.കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം മരം വീണ് വ്യാപക നാശനഷ്ടമാണുണ്ടായത്.
ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം ,എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതായി റിജിയണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു
കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമായി.കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു. വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.