X

ജാതിപ്പേര് വിളിച്ച് മർദ്ദിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം

ഹൃദ്രോഗിയായ വ്യക്തിയുടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രതിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച കൊല്ലം (റൂറൽ) ജില്ലാ പോലീസ് മേധാവിക്കും ചിതറ എസ്. എച്ച്. ഒയ്ക്കും മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം. പരാതി ശരിയല്ലെന്ന് സ്ഥാപിക്കാൻ ചിതറ എസ്. എച്ച്. ഒയും പ്രസ്തുത റിപ്പോർട്ടിനെ കണ്ണടച്ച് പിന്താങ്ങുന്ന കൊല്ലം (റൂറൽ) ജില്ലാ പോലീസ് മേധാവിയും ആശ്ചര്യപ്പെടുത്തുന്നതായി കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി പറഞ്ഞു.

ഉത്തരവ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം ഡി. വൈ. എസ്. പി. റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ജാതീയ അധിക്ഷേപത്തെയും മർദ്ദനമേറ്റെന്ന ആരോപണത്തെയും കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി അറിയിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മതിയായ ജാഗ്രത പുലർത്തണമെന്നും ജില്ലാ റൂറൽ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ചിതറ ദർപ്പക്കാട് വയലിക്കട ഗോകുലത്തിൽ അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്നെ അയൽവാസി മർദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. പരാതി കളവാണെന്ന് റൂറൽ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.എന്നാൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതിക്കാരൻ കൃത്യമായി മൊഴി നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

webdesk15: