X

കേരളം ചുട്ടുപൊള്ളുന്നു; റെക്കോര്‍ഡ് ചൂട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് വര്‍ധിക്കുന്നു. സംസ്ഥാനത്തെ താപനിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. താപനില മൂന്നു ഡിഗ്രിയോളം വര്‍ധിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

അടുത്ത നാലാഴ്ച്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. സാധാരണ ഗതിയില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറിയിരിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തില്‍ തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ചൂടാണ്.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്നു ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി 2 ഡിഗ്രി ചൂടാണ് കൂടിയത്. ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്. കേരളത്തില്‍ ജനുവരി 1 മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയില്ലാതെ നില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ റെക്കോര്‍ഡ് ചൂടാവും ഉണ്ടാവാന്‍ പോകുന്നത്.

chandrika: