ഓണക്കാലം കടന്ന് കൂടാൻ ചുരുങ്ങിയത് 8000 കോടി രൂപയുടെ ചെലവ് കണക്കാക്കി സംസ്ഥാന ധനവകുപ്പ്. അടിയന്തര സാമ്പത്തിക അനുമതികൾ ആവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്ര ധനമന്ത്രാലയത്തിന് നൽകിയ നിവേദനത്തിന് ഇത് വരെ അനുകൂല പ്രതികരണങ്ങൾ ഒന്നും ഉണ്ടാവാത്തതിന്റെ ആശങ്കയിലാണ് കേരളസർക്കാർ. ക്ഷേമ പെൻഷൻ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഉത്സവകാലത്തെ പ്രത്യേക ചെലവുകൾക്കുമായാണ് ഇത്രയും തുക. കണ്ടെത്തേണ്ടത് ഓണമടുക്കുമ്പോഴേക്ക് ക്ഷേമ പെൻഷൻ മൂന്ന് മാസം തീരുമാനിച്ചാൽ പോലും 1700 കോടി വേണ്ടിവരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാൻ കണ്ടെത്തേണ്ടത് 3398 കോടി രൂപയാണ് ബോണസും ഉത്സവ ബത്തയും അഡ്വാൻസ് തുക അനുവദിക്കുന്നതും അടക്കം വരാനിരിക്കുന്നത് വലിയ ചെലവാണ്. വിവിധ വകുപ്പുകൾക്ക് നൽകേണ്ട ഉത്സവകാല ആനുകൂല്യങ്ങൾക്ക് കണ്ടെത്തേണ്ട തുക വേറെ. കരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുത്ത് തീര്‍ക്കുകയും വേണം.
വായ്പാ പരിധി കഴിഞ്ഞതോടെ ഓവര്‍ ഡ്രാഫ്റ്റിലായ സംസ്ഥാന ഖജനാവിനെ 1500 കോടിയുടെ കടപത്രമിറക്കിയാണ് താൽകാലികമായി പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. 15000 കോടിയുടെ അടിയന്തര സാമ്പത്തിക അനുമതികൾ തേടിയാണ് കേന്ദ്രത്തിന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിവേദനം നൽകിയിരിക്കുന്നത്.