സംസ്ഥാനത്ത് എൻജിനിയറിങ് ആദ്യ അലോട്ട്‌മെന്റിൽ 20,576 പേർ ഇടം നേടി. ആർക്കിടെക്ചർ കോഴ്സുകൂടി ഉൾപ്പെടുത്തി രണ്ടാംഘട്ട അലോട്ട്മെന്റ് ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് വിവരങ്ങൾ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണമെന്ന് പരീക്ഷാ കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ഓൺലൈൻ പേമെന്റായോ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ തിങ്കൾമുതൽ ആഗസ്‌ത് നാലിന് പകൽ മൂന്നുവരെ അടയ്ക്കാം .നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമീഷണർക്ക് ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.
ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരിക്കുന്ന ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർഥികളും ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്താവരും എൻജിനിയറിങ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടി ആർക്കിടെക്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ലഭിക്കും.