നികുതിപിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിന് വേണ്ടി 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും. ഇതിനായി കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023 അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നികുതി നിർണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സർക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് നികത്തുന്നതിനായാണ് കേരള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.