കൊച്ചി: കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം കരകൗശല തൊഴിലാളികളും മുള അനുബന്ധ സ്ഥാപനങ്ങളും പങ്കെടുക്കുന്ന കേരലബാംബൂ ഫെസ്റ്റ് ജനശ്രദ്ധയാകര്‍ഷിക്കുന്നു. ബാംബൂ ഫെസ്റ്റില്‍ പ്രദര്‍ശനവും വില്‍പനയുമുണ്ട്. സംസ്ഥാന ബാംബൂമിഷന്‍ പരിശീലകര്‍ രൂപകല്‍പ്പനചെയ്ത കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ഗാലറിയും സജ്ജമാണ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണസ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നു.മുളയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മുള, കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ഉന്നമനത്തിനായി കേരളത്തിലെ ഉല്‍പന്നങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ വിപണി തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. അച്ചടിഉള്‍പ്പടെയുള്ള മേഖലകളില്‍ മുളയുടെ ആവശ്യം കൂടുതലാണ്. ഇതിനായി മുളയുടെ കൃഷി വ്യാപിപ്പിക്കുക എന്നതാണ് മാര്‍ഗം. വന നിയമങ്ങള്‍ മൂലം മുള വെട്ടുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സാരമായ നിയന്ത്രണങ്ങളുണ്ട്. മന്ത്രിസഭാതലത്തില്‍ ഇതില്‍ ഇളവ് നല്‍കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളബാംബൂ എന്ന പേരില്‍ മുളയുടെ ബ്രാന്‍ഡിംഗ് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലേക്ക് കരകൗശല മേഖലയിലുള്ള തൊഴിലാളികള്‍ കടന്നു വരണം. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 5400 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് ഇതു വരെ ഉണ്ടായത്. 2.09 ലക്ഷം പുതിയ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ഉമതോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ ബില്ല, സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ശ്യാം വിശ്വനാഥ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, കെബിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. സൂരജ്, നാഷണല്‍ ബാംബൂ മിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. എസ് ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ 4 വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. മേളയില്‍ വിവിധ മുള-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണു മേളയുടെ സമയക്രമം.