താനൂർ കസ്റ്റഡി മരണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്‍. ഷംസുദ്ദീൻ എം.എൽ.എ യാണ് ആണ് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്.കസ്റ്റഡി കൊലപാതകമാണ് താനൂരിൽ നടന്നതെന്നും, മരണമടഞ്ഞ താമിര്‍ ജിഫ്രി അതിക്രൂര മർദ്ദനങ്ങൾക്ക് ഇരയായതായും എന്‍. ഷംസുദ്ദീൻ പറഞ്ഞു. മരിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് താമിറിന് എതിരെ മയക്കുമരുന്ന് കേസിൽ എഫ്ഐആർ ഇടുന്നത്. അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന മലപ്പുറം എസ് പിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിനു പുറമെ മജിസ്ടീരിയല്‍ അന്വേഷണത്തിനും തീരുമാനിച്ചിട്ടുണ്ട്. താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 8 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.