X

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ കേരളത്തിന് വിജയത്തുടക്കം. തുമ്പ സെന്റ്സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സെന്ന വിജയലക്ഷ്യം കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം തിരിച്ചുവരവ് നടത്തിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 56 റണ്‍സ് നേടി രണ്ടാം ഇന്നിങ്സില്‍ തിളങ്ങി.

രണ്ടാം ഇന്നിങ്‌സില്‍ 23-3 എന്ന നിലയില്‍ അവസാനദിനം ബാറ്റിങിനിറങ്ങിയ പഞ്ചാബ് പരാജയപ്പെട്ടു. മാച്ച് തുടങ്ങി ആറാം ഓവറില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ക്രിഷ് ഭഗത് ഔട്ടായി. തൊട്ടുപിന്നാലെ 12 റണ്‍സെടുത്ത നേഹല്‍ വധേരയും പുറത്ത്. ആറാം വിക്കറ്റിലെത്തിയ അന്‍മോല്‍പ്രീത് സിങ്ങും പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ് പഞ്ചാബിന് പ്രതീക്ഷ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് എടുത്തു.

51 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ മടക്കി ജലജ് സക്‌സേന കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുക്കൊണ്ടുവന്നു. വെറും 21 റണ്‍സിനിടെ പഞ്ചാബിന്റെ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി തകര്‍ന്നു.

ആദിത്യ സര്‍വാതെയും ബാബ അപരാജിത്തും നാല് വിക്കറ്റ് വീതം വീഴ്ത്തി. രോഹന്‍ കുന്നുമ്മലിന്റെ അതിവേഗ ഇന്നിങ്‌സ് കേരളത്തിന് മുതല്‍കൂട്ടായി. 36 പന്തില്‍ 48 റണ്‍സുമായി രോഹന്‍ മടങ്ങി. ബാബ അപരാജിത് 39 റണ്‍സെടുത്തു.

ഈ വരുന്ന 18ാനാണ് ബംഗളൂരുവില്‍ വെച്ച് കര്‍ണാടകയുമായി കേരളത്തിന്റെ അടുത്ത പോരാട്ടം.

 

webdesk17: