X

ഉത്തപ്പയുടെ സെഞ്ച്വറി കരുത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം

ബെംഗളൂരു: റോബിന്‍ ഉത്തപ്പ ഉജ്വല സെഞ്ചുറിയുമായി തകര്‍ത്തടിച്ച മത്സരത്തില്‍ ഒഡീഷയെ തകര്‍ത്ത് വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. മഴമൂലം 45 ഓവറാക്കി ചുരുക്കിയ എലീറ്റ് ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തില്‍ മഴനിയമപ്രകാരം 34 റണ്‍സിനാണ് കേരളത്തിന്റെ ജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ നിശ്ചിത 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു നില്‍ക്കെ വീണ്ടും മഴയെത്തി. ഇതോടെയാണ് കേരളത്തെ വിജയികളായി പ്രഖ്യാപിച്ചത്.

ദീര്‍ഘകാലത്തിനുശേഷം ഏകദിന ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങിയ പേസ് ബോളര്‍ എസ്. ശ്രീശാന്ത് രണ്ടു വിക്കറ്റ് വീഴ്ത്തി തുടക്കം ഗംഭീരമാക്കി. വിജയത്തോടെ എലീറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന് നാലു പോയിന്റായി. കേരളത്തിന്റെ അടുത്ത മത്സരം ഈ മാസം 22ന് ഉത്തര്‍പ്രദേശിനെതിരെയാണ്. ഒഡീഷ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളത്തിന് റോബിന്‍ ഉത്തപ്പ 85 പന്തില്‍ 10 ഫോറും നാലു സിക്‌സും സഹിതം നേടിയ 107 റണ്‍സാണ് കരുത്തായത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടും (100 പന്തില്‍ 102) നിര്‍ണായകമായി.

സച്ചിന്‍ ബേബി 55 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 40 റണ്‍സെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്ത വത്സല്‍ ഗോവിന്ദ് മുഹമ്മദ് അസ്ഹറുദ്ദീന്‍ സഖ്യം കേരളത്തെ വിജയതീരമണച്ചു. വത്സല്‍ ഗോവിന്ദ് 40 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 29 റണ്‍സോടെയും മുഹമ്മദ് അസ്ഹറുദ്ദീന്‍ 21 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 23 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷയ്ക്ക് തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും അതു മുതലാക്കാനാകായെ പോയതാണ് തിരിച്ചടിയായത്. ഓപ്പണര്‍മാരായ ഗൗരവ് ചൗധരിയും സന്ദീപ് പട്‌നായിക്കും ചേര്‍ന്ന് 22.2 ഓവറില്‍ 119 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. 62 പന്തില്‍ അഞ്ച് ഫോറുകളോടെ 57 റണ്‍സെടുത്ത ചൗധരിയെ പുറത്താക്കി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

കേരളത്തിനായി എസ്. ശ്രീശാന്ത് എട്ട് ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. എം.ഡി. നിധീഷ് എട്ട് ഓവറില്‍ 43 റണ്‍സ് വഴങ്ങിയും ജലജ് സക്‌സേന ഒന്‍പത് ഓവറില്‍ 43 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 

Test User: