തിരുവനന്തപുരം: കേരളത്തിന് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് വേദി നഷ്ടമായേക്കും. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പരിപാലനത്തില്‍നിന്ന് കെസിഎ പിന്‍മാറി. ക്രിക്കറ്റ് ഇതരപരിപാടികള്‍ നടത്തുന്നതു മൈതാനം നശിപ്പിക്കുകയാണെന്ന വിലയിരുത്തലിലാണു തീരുമാനം. ഇതോടെ കാര്യവട്ടത്തു നടത്താനിരുന്ന വനിതാ ക്രിക്കറ്റ് പരമ്പരയും റദ്ദാക്കാന്‍ സാധ്യതയേറി.
2016 മുതല്‍ കാര്യവട്ടം ഗ്രൗണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന ഭാരവാഹിയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. വര്‍ഷം 75 ലക്ഷത്തോളം രൂപ മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് പുല്‍മൈതാനം പരിപാലിച്ചു വന്നിരുന്നത്. രാജ്യാന്തര മത്സരങ്ങളും, രഞ്ജി ട്രോഫി പോലെയുള്ള ബിസിസിഐ ഫസ്റ്റ് ക്ലാസ്സ് മല്‍സരങ്ങളും, ആഭ്യന്തര മത്സരങ്ങളും നടത്താന്‍ വേണ്ടിയാണ് കാര്യവട്ടം ഗ്രൗണ്ട് കെസിഎ പരിപാലിക്കുന്നത്.
സ്റ്റേജ് ഷോ മുതലായ ക്രിക്കറ്റ് ഇതര പരിപാടികള്‍ നടക്കുന്നതിനാല്‍ ഗ്രൗണ്ടിന് നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നതും കേരള ക്രിക്കറ്റ് അസോസിയേഷന് പരിഹരിക്കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് കാരണം ക്രിക്കറ്റ് മത്സരങ്ങള്‍ കാര്യവട്ടം ഗ്രൗണ്ടില്‍ നടന്നിരുന്നില്ലെങ്കിലും കോവിഡ് സമയത്തും ലോകകപ്പ് മുന്നില്‍കണ്ട് പരിപാലനം തുടര്‍ന്നിരുന്നു.