തിരുവനന്തപുരം: നിലവിലെ കണക്കു പ്രകാരം കേരളത്തില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,29,52,025 പുരുഷന്‍മാരും 1,37,79,263 സ്ത്രീകളും 221 ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 90,709 പ്രവാസി വോട്ടര്‍മാരും 1,33,000 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 6,21,401 പേര്‍ 80 വയസ് കഴിഞ്ഞവരാണ്.വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. സ്ഥാനാത്ഥികളെ പിന്‍വലിക്കുന്നതിനു പത്തു ദിവസം മുമ്പു വരെ അപേക്ഷിക്കാം. ഇപ്പോള്‍ ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് സപ്ലിമെന്ററി ലിസ്റ്റായി ഇറക്കും.
52782 ബാലറ്റ് യൂണിറ്റുകളും 49475 കണ്‍ട്രോള്‍ യൂണിറ്റുകളും 53,189 വിവിപാറ്റും കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. അനധികൃത ഹോര്‍ഡിംഗുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യാന്‍ പ്രത്യേക ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇത്തവണ കൂടുതല്‍ ആളുകള്‍ വേണ്ടിവരുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. 2,30,000 പേരായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തവണ 3,50,000 ആളുകള്‍ വേണ്ടിവരും. ഡ്യൂട്ടിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. താല്‍പര്യമില്ലെങ്കില്‍ വാക്‌സീന്‍ എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.