X

കേരളവര്‍മ്മ കോളേജിലെ അട്ടിമറി: കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

കേരളവര്‍മ്മ കോളേജിലെ കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ തെരഞ്ഞെടുപ്പ് ഫലം റീ കൗണ്ടിങ്ങിലൂടെ എസ്എഫ് ഐ അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരായ കെഎസ്‌യുവിന്റെ നിയമപോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

അര്‍ധരാത്രി ഇരുട്ടിന്റെ മറപിടിച്ച് അസാധുവായ വോട്ടുകള്‍ എസ്എഫ്‌ഐക്ക് അനുകൂലമായി എണ്ണി അവരെ വിജയിപ്പിക്കാന്‍ ഇടതനുകൂല അധ്യാപകര്‍ കൂട്ടുനിന്നത് പ്രതിഷേധാര്‍ഹവും അപലപനീയമാണ്.വിദ്യാര്‍ത്ഥികളെ ഒരുപോലെ കാണാത്ത ഇവരെ അധ്യാപകരെന്ന് അഭിസംബോധന ചെയ്യാന്‍പോലും നാണക്കേടാണ്. പകല്‍ സമയത്ത് റീ കൗണ്ടിങ്ങ് വേണമെന്ന കെഎസ് യുവിന്റെ ആവശ്യത്തോട് ഏകപക്ഷീയമായിട്ടാണ് റീട്ടേണിങ് ഓഫീസര്‍ നിരാകരിച്ചത്. ഇത് സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. വിദ്യാര്‍ത്ഥി സംഘടാനയൂണിയന്‍ തിരഞ്ഞെടുപ്പ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ബാഹ്യയിടപെടലുണ്ടായിട്ടുണ്ട്. ഒരു വോട്ടിന് എസ് എഫ് ഐ തോറ്റിടത്ത് രാത്രിയില്‍ ഇടക്കിടെ മുടങ്ങുന്ന വൈദ്യുതി വെളിച്ചത്തില്‍ റീ കൗണ്ടിങ് നടത്തിയപ്പോള്‍ എസ്എഫ് ഐക്ക് 11 വോട്ടിന്റെ വിജയം എങ്ങനെ സാധ്യമായെന്നും അതിന്റെ പിന്നിലെ ചെപ്പടിവിദ്യയെന്തെന്നും കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും സുധാകാരന്‍ പറഞ്ഞു.

സ്വാതന്ത്ര്യം സോഷ്യലിസവും ജനാധിപത്യവും എന്ന് നീട്ടിവിളിച്ചത് കൊണ്ടോ, ചുമരിലെഴുതി വെച്ചത് കൊണ്ടോ അതിന്റെ അര്‍ത്ഥവും മഹത്വവും സിപിഎമ്മിനും എസ് എഫ് ഐക്കും മനസിലാകില്ല. കലാലയങ്ങളിലെ മൂന്ന് പതിറ്റാണ്ടത്തെ എസ്എഫ് ഐ ആധിപത്യം തകര്‍ത്തതിലുള്ള അസഹിഷ്ണുതയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിലുള്ള വികാരം.ജനാധിപത്യത്തെയാണ് എസ്എഫ് ഐ അട്ടിമറിച്ചത്. സിപിഎമ്മും എസ്എഫ് ഐയും എക്കാലവും ജനാധിപത്യ വിരുദ്ധരാണ്. കാഴ്ചപരിമിതിയുള്ള ശ്രീക്കുട്ടനോട് ഇടതനുകൂല അധ്യാപകരും എസ്എഫ് ഐയും കാട്ടിയത് കൊടും ക്രൂരതയാണ്. എസ്എഫ് ഐക്കാര്‍ കോളേജിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം അങ്ങാടിപ്പാട്ടാണെന്നും സുധാകരന്‍ പറഞ്ഞു.

മര്‍ക്കടമുഷ്ടി കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സ് കശക്കിയെറിഞ്ഞവരാണ് സഖാക്കള്‍. സിപിഎമ്മിന്റെ കളരിയില്‍ പഠിക്കുന്ന കുട്ടി സഖാക്കള്‍ അത് ആവര്‍ത്തിക്കുക മാത്രമാണ്. എന്നാല്‍ സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ അക്രമരാഷ്ട്രീയത്തെ ജനം ഉള്‍ക്കൊള്ളുന്നില്ലെന്നതിന് തെളിവാണ് സമീപകാല നിയമസഭ-തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലെ കെഎസ് യുവിന്റെ തിളക്കമാര്‍ന്ന വിജയവും. സാങ്കേതികമായി ശ്രീക്കുട്ടനെ എസ്എഫ് ഐക്ക് പരാജയപ്പെടുത്താനായെങ്കിലും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ശ്രീക്കുട്ടനും കെഎസ് യുവിനും ഒപ്പമാണ്. അവരുടെ മനസ്സില്‍ അക്രമരാഷ്ട്രീയത്തെ ജനാധിപത്യരീതിയില്‍ പരാജയപ്പെടുത്തിയ വീരപരിവേഷത്തോടെ ശാരീരിക പരിമിതികളെ മനക്കരുത്തോടെ അതിജീവിച്ച ശ്രീക്കുട്ടന്‍ ജ്വലിച്ച് നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

webdesk11: