X

വാളയാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപെട്ട് സമരം ശക്തമാക്കി കോണ്‍ഗ്രസ്

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാര്‍ മരിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു. വാളയാര്‍ കേസില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്നലെ അട്ടപ്പള്ളത്ത് മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാളെ വാളയാറില്‍ അട്ടപ്പള്ളത്ത് ഉപവസിക്കും. വാളയാര്‍ സംഭവം സര്‍ക്കാറിനെതിരെ പ്രചരണായുധമാക്കനാണ് കോണ്‍ഗ്രസ് തീരുമാനം. അന്നേ ദിവസം മറ്റ് ജില്ലകളില്‍ ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. കെ.സി വേണുഗോപാല്‍, വി.എം സുധീരന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചാം തിയ്യതി പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തും.

സി.പി.എം ഇടപെട്ടതുകൊണ്ടാണ് വാളയാര്‍ കേസ് അട്ടിമറിക്കപെട്ടതെന്നാണ് കോണ്‍ഗ്രസ് ആരോപണം. എല്ലാ പ്രശ്‌നങ്ങളുടെയും കേന്ദ്രബിന്ദു സി.പി.എം ആണെന്ന് പറഞ്ഞ മുല്ലപ്പള്ളി, സി.ബി.ഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും വ്യക്തമാക്കി. സി.പി.എം ഭരണസംവിധാനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തി. ഇതില്‍ ദുരൂഹതയുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ഉദ്യേഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അതേസമയം, വാളയാറില്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സത്യം പുറത്തുവരണമെന്നും പ്രതികളെ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കും. കേസ് അട്ടിമറിക്കാന്‍ പൊലീസും സി.പി.എം നേതാക്കളും ഇടപെട്ടിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു. നിലവിലെ അന്വേഷണസംഘം ഇനിയും കേസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നും സി.ബി.ഐ അന്വേഷണം ഉണ്ടായാലേ നീതി ലഭിക്കൂവെന്നും അമ്മ നേരത്തെ പ്രതികരിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപെട്ട് വിവിധ തരത്തിലുള്ള പരിപാടികളാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.

chandrika: