തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. യൂണിവേഴ്‌സിറ്റിയുടെ എക്‌സാം സര്‍വറിലേക്കാണ് നുഴഞ്ഞുകയറ്റം നടത്തിയത്. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന ക്വസ്റ്റ്യന്‍ സര്‍വറിലേക്ക് കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്കായിട്ടില്ലെന്നാണ് വിവരം. എങ്കിലും സുരക്ഷാപരിശോധനയുടെ ഭാഗമായി സപ്ലിമെന്ററി പരീക്ഷകളുടെ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ നടപടികള്‍ നിര്‍ത്തിവെച്ചു. സപ്ലിമെന്ററി പരീക്ഷകളുടെ ചോദ്യപേപ്പര്‍ മാത്രമാണ് സര്‍വകലാശാല ഓണ്‍ലൈനായി കോളജുകള്‍ക്ക് വിതരണം ചെയ്യുന്നതെന്നതിനാല്‍ മറ്റു പരീക്ഷാനടപടികള്‍ക്ക് പ്രശ്‌നമുണ്ടാകില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായി എത്തിക്കല്‍ ഹാക്കര്‍മാര്‍ സൈറ്റ് ഹാക്ക് ചെയ്തത്. മുന്‍പ് നിരവധി തവണ കേരള സര്‍വകലാശാല വെബ്‌സൈറ്റിന് നേര്‍ക്ക് പാക് ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണു സുരക്ഷാപരിശോധനയുടെ ഭാഗമായി എത്തിക്കല്‍ ഹാക്കര്‍മാര്‍ സൈറ്റില്‍ നുഴഞ്ഞുകയറിയത്. സുരക്ഷാവീഴ്ചകള്‍ ബോധ്യമായതിനെത്തുടര്‍ന്ന് കേരള പൊലീസിന്റെ സൈബര്‍ഡോം വിഭാഗത്തെ അറിയിച്ചു. പരിശോധനയില്‍ വീഴ്ചകള്‍ ബോധ്യമായതിനെത്തുടര്‍ന്നു അവര്‍ കേരളയൂണിവേഴ്‌സിറ്റിയെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കേരള യൂണിവേഴ്‌സിറ്റിക്ക് ക്വസ്റ്റ്യന്‍, എക്‌സാം, മെയിന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നീ നാല് സെര്‍വറുകളാണുള്ളത്. ഇതില്‍ എക്‌സാം സെര്‍വറിലാണ് സുരക്ഷാവീഴ്ച ഉണ്ടായത്.
- 7 years ago
chandrika