X

ഗ്രീന്‍ഫീല്‍ഡ് ഹൈവെ ഭൂമി വില  നിര്‍ണയത്തില്‍ പ്രതിഷേധം കനക്കുന്നു; കുടുംബസമേതം സമര രംഗത്തിറങ്ങുമെന്ന് ഇരകള്‍

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തൊട്ടടുത്ത ജില്ലയായ കോഴിക്കോടിന് അനുവദിച്ച നഷ്ടപരിഹാര തുകയുടെ പകുതി പോലും നല്‍കാതെയാണ് മലപ്പുറത്തോട് വിവേചനം കാണിച്ചിരിക്കുന്നത്. ഇരകളെ തീര്‍ത്തും വഞ്ചിച്ച് ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ കുമാര്‍ തയ്യാറാക്കിയ ബേസിക് വാല്യൂ രജിസ്റ്റര്‍ (ബി.വി.ആര്‍) ഒരിക്കലും അംഗീകരിക്കില്ലെന്നും നിലവില്‍ പുറത്തിറക്കിയ ബി.വി.ആര്‍ പിന്‍വലിച്ച് ഇരകള്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് തുക പരിഗണിച്ച് നഷ്ടപരിഹാരം കണക്കാക്കിയില്ലെങ്കില്‍ ഇരകള്‍ കുടുംബസമേതം സമര രംഗത്തിറങ്ങുമെന്നും സമര സമതി നേതാക്കള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വികസനത്തിന് വേണ്ടി സ്വന്തം ഭൂമിയും വീടും വിട്ടുനല്‍കാന്‍ തയ്യാറായവരാണ് ജില്ലയിലെ മുഴുവന്‍ ഇരകളും. എന്നാല്‍ ഇവരെ വഞ്ചിക്കുന്ന നിലപാടാണ് ഡെപ്യൂട്ടി കലക്ടര്‍ എടുത്തത്. പൊതുജനത്തെ മൊത്തം തെറ്റിദ്ധരിപ്പിച്ചാണ് ഔദ്യോഗിക വിജ്ഞാപനം അല്ലാതെ   ഇരകളുടെ അവകാശമായ അടിസ്ഥാന വിലയും ഗുണന ഘടകവും സമാശ്വാസ സഹായവും ഇതുവരെയുള്ള പലിശയും അടക്കം പെരുപ്പിച്ചു കാട്ടിയ ബേസിക് വാല്യൂ രജിസ്റ്റര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.  ഇതേ കാറ്റഗറിയില്‍ കോഴിക്കോട് ജില്ലക്ക് ലഭിക്കുന്നത് മലപ്പുറത്തേക്കാള്‍ ഇരട്ടി തുകയാണ് എന്നതും പ്രതിഷേധാര്‍ഹമാണ്.
ഗ്രീന്‍ ഫീല്‍ഡ് ഹൈവേ വിഷയത്തില്‍ ഇരകളെ ആസൂത്രണം ചെയ്ത് പറ്റിക്കുകയാണ്. പൊന്നും വില നല്‍കുമെന്നും എന്‍.എച്ച് 66 ന് സമാന വില ലഭ്യമാക്കുമെന്നും പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും അടിച്ചിറക്കി. അതിനു പുറമെ ഇരകള്‍ക്ക് കണക്കാക്കുന്ന നഷ്ടപരിഹാരം മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവാണെങ്കില്‍ സമാശ്വാസം ഒരു ഇരട്ടിക്ക് പകരം രണ്ടോ മൂന്നോ ഇരട്ടിയാക്കി നല്‍കുമെന്നു പറഞ്ഞു. എന്നാല്‍ ഒന്നും തന്നെ ഇവിടെ നടപ്പായില്ല. കഴിഞ്ഞ ദിവസം പത്രങ്ങള്‍ വഴി പുറത്തു വിട്ട ബി.വി.ആറിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുക വളരെ കുറിച്ചു പേര്‍ക്കു മാത്രമാണ് ലഭിക്കുക. ബാക്കിയെല്ലാം തുച്ഛമായ തുക മാത്രമാണ്. ഭൂമി നഷ്ടപ്പെടുന്ന 4100 ലേറെ ആളുകളില്‍ കേവലം 30 ല്‍ താഴെ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന 492057 രൂപ പെരുപ്പിച്ചു കാട്ടി ഇരകളെ വഞ്ചിക്കുകയായിരുന്നു അധികൃതര്‍.
ഒരേ പദ്ധതിക്ക് കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ഭൂമിയുടെ വില കണക്കാക്കിയതില്‍ വലിയ അന്തരമാണുള്ളത്. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണ വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 1,00,847 രൂപ മുതല്‍ 8,76,338 രൂപയും 12% പലിശയും ലഭിക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിലെ അരീക്കോട് വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 12% പലിശ അടക്കം വെറും 31,504 രൂപ മുതല്‍ 470230 രൂപവരെ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതുതന്നെ ഇരകളോട് ചെയ്യുന്നവലിയ അനീതിയാണ്. എത്രയും പെട്ടെന്ന് അതാത് വില്ലേജുകളിലെ യഥാര്‍ത്ഥ മാര്‍ക്കറ്റ് വില അടിസ്ഥാന വിലയായി കണക്കാക്കി ബി.വി.ആര്‍ തിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാതെ നിലവിലെ ബി.വി.ആറുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരവുമായി ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുപോകുമെന്നും ഈ വിലക്ക് ആരും തന്നെ ഭൂമി വിട്ടു നല്‍കില്ലയെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി. വാസുദേവന്‍ മാസ്റ്റര്‍, സി. അവറാന്‍കുട്ടി, ലാല അരീക്കോട്, കെ.പി അബ്ദുല്‍ റഷീദ്, ഇ. ബഷീര്‍ പങ്കെടുത്തു.
    കോഴിക്കോട്     മലപ്പുറം
1. പൊതുമരാമത്ത് റോഡിന് സമീപമുള്ള പുരയിടം 8,76,338 4,70,230
2.പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,70,1422,61,450
3. സ്വകാര്യ റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,01,2292,61,450
4. വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിടം 5,16,787 9,0863
5. പൊതുമരാമത്ത് റോഡിന് സമീപമുള്ള
നികത്തപ്പെട്ട നിലം 7,20,2511,93,961
6. പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന ഗതാഗത
സൗകര്യമുള്ള നികത്തപ്പെട്ട നിലം 5,44,43098,428
7. വാഹന ഗതാഗത സൗകര്യമില്ലാത്ത നികത്തപ്പെട്ട നിലം  195128 65558

webdesk11: