തിരുവനന്തപുരം: ഏറെ വിവാദമായ കേരളസര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാല്‍ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും അഞ്ച് സിന്‍ഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ കേസാണിത്. സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ് വലിയ ചര്‍ച്ചയായിരുന്നു.
അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം നല്‍കിയ കുറ്റപത്രം. എന്നാല്‍ ഈ കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷ നിയമനം നേടിയവര്‍ക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഉത്തരവിട്ടുകയും ഈ കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ആഴത്തിലുള്ള അന്വേഷണം കേസില്‍ നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവ്. നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ, അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് മതിയാകില്ല. വിശദമായ തുടരന്വേഷണം തന്നെ വേണം. അതിനാല്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ ഉത്തരവിട്ടു.
ഇതനുസരിച്ച് തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനില്‍ക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ചിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ രാമചന്ദ്രന്‍ നായര്‍, പ്രോവിസി ഡോ. വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗങ്ങളും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സല്‍, കെ എ ആന്‍ഡ്രൂ, റജിസ്ട്രാറായിരുന്ന കെ എ ഹാഷിം എന്നിവരാണ് ഈ കേസിലെ പ്രതികള്‍. ഇതില്‍ എ എ റഷീദും, എം പി റസ്സലും സിപിഎം നേതാക്കളാണ്.
പരീക്ഷ എഴുതാത്തവര്‍ പോലും കേരളസര്‍വകലാശാലയില്‍ നിയമനം നേടിയെന്നതായിരുന്നു കേസ്. പരീക്ഷ എഴുതാത്തവര്‍ പക്ഷേ, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു, നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നിട്ടില്ല. ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചത് തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയതില്‍ അന്വേഷണം വന്നപ്പോള്‍, വിരമിച്ച ശേഷം ലാപ്‌ടോപ്പ് മോഷണം പോയെന്ന് വിസി അന്വേഷണസംഘത്തെ ഒരു വര്‍ഷത്തിന് ശേഷം അറിയിച്ചത് വേറെ വിവാദമായി. ഇങ്ങനെ ഏറെ തിരിമറികള്‍ നടന്ന കേസാണ്, ഹൈക്കോടതി വിശദമായ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും തെളിവില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയിരിക്കുന്നത്.