കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.
മാര്‍ഗംകളി ഇനത്തിന്റെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ താഴെ ചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തില്‍ പി.എന്‍.ഷാജി ( ഷാജി പൂത്തട്ട-51) യാണ് ബുധനാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൃത്താധ്യാപകനാണ് മരിച്ച ഷാജി.
രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം വീട്ടിനകത്ത് മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിധി കര്‍ത്താക്കള്‍ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘര്‍ഷം നടന്നിരുന്നു. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വി.സി. ഇടപെട്ട് കലോത്സവം നിര്‍ത്തി വെക്കുകയായിരുന്നു.
ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സര്‍വകലാശാല യൂണിയന്‍ വാട്‌സ് ആപ് സന്ദേശം തെളിവായി നല്‍കി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഷാജിയേയും രണ്ട് പരിശീലകരേയും കന്റോണ്‍മെന്റ് പോലീസ് വേദിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
അടുത്ത ദിവസം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് കന്റോണ്‍മെന്റ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് സിറ്റി പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയായി സിറ്റി പോലീസ് അറിയിച്ചു.