തിരുവനന്തപുരം: ട്രാഫിക് മാനേജ്‌മെന്റ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ ക്രമാതീതമായി ചൂട് കൂടുന്ന സാഹചര്യത്തിലും ഉത്സവ സീസണ്‍ ആയതിനാലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരും ട്രാഫിക് ഡ്യൂട്ടിയിലും മറ്റ് പുറം ജോലികളിലുമായിരിക്കും. അതുകൊണ്ടുതന്നെ ചൂടു ഏല്‍ക്കുന്നതിനും നിര്‍ജ്ജലീകരണത്തിനും സാധ്യത വളരെ കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് തീരുമാനം. ഇതിനാവശ്യമായ തുക അനുവദനീയമായ അക്കൗണ്ട് ഹെഡുകളില്‍ നിന്നും ലഭ്യമാക്കണം.
സിറ്റി, റൂറല്‍, അര്‍ബന്‍ പ്രദേശങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കൃത്യമായ ഇടവേളകളില്‍ ബന്ധപ്പെട്ട എ.ആര്‍. ക്യാമ്പുകളില്‍ നിന്നോ മറ്റ് ഉചിതമായ സംവിധാനം വഴിയോ കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാരും ഐ.ജിമാരും ഉറപ്പുവരുത്തണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.