തിരുവനന്തപുരം: മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് പ്രഖ്യാപിച്ചും ‘ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍. ചരിത്രപുരുഷന്‍ മഹാത്മ അയ്യന്‍കാളിയുടെ ജന്മഭൂമിയിലൂടെയാണ് ഇന്ന് യാത്ര സഞ്ചരിക്കുന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മണ്ണില്‍ നിന്ന് പുതുചരിത്രമെഴുതാനുള്ള നിയോഗം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി കേരളത്തിലെ യാത്ര തുടങ്ങുന്നത്.
രാവിലെ ഏഴിന് പാറശാലയില്‍ നിന്നാരംഭിച്ച യാത്ര രാത്രി ഏഴിന് നേമത്ത് സമാപിക്കുന്ന വിധമാണ് ആദ്യദിനം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെ പരമ്പരാഗത കൈത്തറി തൊഴിലാളികളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും. ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ വിശ്രമിച്ച ശേഷം ഉച്ചക്ക് രണ്ടിന് മാധവി മന്ദിരത്തിലെ ഗാന്ധിമ്യൂസിയം സന്ദര്‍ശിക്കും. നെയ്യാറ്റിന്‍കരയില്‍ ജോഡോ യാത്രയുടെ പ്രതീകമായ സ്തൂപം അനാഛാദനം ചെയ്യും. നേമത്ത് വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
ഏത് പ്രതിസന്ധിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച പാരമ്പര്യമുള്ള കേരളത്തില്‍ ജോഡോ യാത്ര ആവേശകരമാകുമെന്നുതന്നെയാണ് ദേശീയ, സംസ്ഥാന നേതാക്കള്‍ വിലയിരുത്തുന്നത്. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ അണിനിരക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രക്കൊപ്പം അണിചേരും. സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി രാഹുല്‍ സംവദിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30ന് സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. 7ന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കേരള ത്തിലെ ഏഴു ജില്ലക ളിലൂടെ യാത്ര കടന്നുപോകും.