മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ‘ഗോള്‍ ചലഞ്ച്’ പരിപാടിക്ക് നാളെ (നവംബര്‍ 16) തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് ക്യാമ്പിന്റെ തീരുമാനം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കായിക താരങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഗോളടിച്ച് പങ്കെടുക്കും. എല്ലാ വിദ്യാലയങ്ങളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ഡിസംബര്‍ 18നാണ് ഗോള്‍ ചലഞ്ച് അവസാനിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള ഗോള്‍ ചലഞ്ച് പരിപാടിയില്‍ എല്ലാവരും അണിചേരണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു. ലോകകപ്പ് ആവേശം മയക്കുമരുന്നിനെതിരെയുള്ള പ്രചരണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യം.
തദ്ദേശ സ്വയം ഭരണ വാര്‍ഡിലും വിദ്യാലയങ്ങളിലും പോസ്റ്റ് തയ്യാറാക്കി ഗോളടിക്കാന്‍ കഴിയുന്ന രീതിയിലാണ് പരിപാടി. ഗോള്‍ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളില്‍ നോ ടു ഡ്രഗ്‌സ് എന്ന് പതിപ്പിക്കണം. ചലഞ്ച് അവസാനിക്കുമ്പോള്‍ ആകെ അടിച്ച ഗോളുകളുടെ എണ്ണം ഓരോ കേന്ദ്രത്തിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശന കേന്ദ്രങ്ങള്‍ക്ക് സമീപത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പോസ്റ്റൊരുക്കും. കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകളും പ്രദര്‍ശിപ്പിക്കും.
നവംബര്‍ 17 മുതല്‍ 25 വരെയാണ് ക്യാമ്പയിന്‍. പെണ്‍കുട്ടികളുടെയും യുവതികളുടെയും പ്രാതിനിധ്യം ഗോള്‍ ചലഞ്ചില്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. പെനാള്‍ട്ടി ഷൂട്ടൗട്ട് മത്സരം, ഫുട്‌ബോള്‍ ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും. സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍, കേരള ഒളിമ്പിക് അസോസിയേഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനതല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.