X

കേരളം സാംസ്‌കാരിക അധ:പതനത്തിലേക്ക്- കുട്ടി അഹമ്മദ് കുട്ടി

കുട്ടി അഹമ്മദ് കുട്ടി

‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം’ ഈ ഗുരുവചനം വളരെ വേഗത്തില്‍ കേരള സമൂഹത്തിന്റെ ബോധത്തില്‍നിന്നും മാഞ്ഞുപോകുന്നതാണ് നാം കാണുന്നത്. അപരന്‍ എന്നത് ഇന്ന് പരിഗണനക്ക് അര്‍ഹനല്ലാതായി തീര്‍ന്നിരിക്കുന്നു. ഞാന്‍ ഞാന്‍ എന്ന ഭാവങ്ങള്‍ക്കാണ് ഏറെ പ്രസക്തി. ഞാന്‍ ഞാന്‍ എന്ന ഭ്രമത്തില്‍ അപരന്റെ വേദനകളും കണ്ണീരും പ്രശ്‌നമല്ലാതായി തീര്‍ന്നിരിക്കുന്നു. കൊലപാതകങ്ങളും ബലാത്സംഗങ്ങളും കൊള്ളയും സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. പിതാവ് മകനെയും മകന്‍ പിതാവിനെയും ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി കൊല്ലുന്ന കാഴ്ചകളും ഇന്ന് കേരളത്തിന് അന്യമല്ല. സാംസ്‌കാരിക സമ്പന്നത എന്ന പൊങ്ങച്ചം പേറി നടക്കാന്‍ മലയാളി ഇനിയും അര്‍ഹനാണോ?

മുന്‍കാല കേരള സമൂഹത്തില്‍ അപരനെന്നത് അവനവന്റെ തന്നെ പ്രതിബിംബമായിരുന്നു. അപരന്റെ വേദനകളും കണ്ണീരും വിശപ്പും അവനവന്റേത് കൂടിയായിരുന്നു. (The Other is a hell) അപരന്‍ നരകമാണെന്ന് സാത്രേയുടെ വാക്യത്തിന് ആ സമൂഹത്തില്‍ വലിയ പ്രചാരണമൊന്നും ഉണ്ടായിരുന്നില്ല. ധനാര്‍ഥിയുടെയും ഭൗതിക സുഖങ്ങളുടെയും അളവ് കോലില്‍ അപരന്‍ നരകമായി പരിഗണിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഈ അപരനിന്ദയാണ് നമ്മുടെ സാംസ്‌കാരിക അധ:പതനത്തിന്റെ ആക്കം കൂട്ടുന്നതും.

സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്ന് കേള്‍ക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ലെങ്കില്‍ കശാപ്പ് മൃഗങ്ങളുടെ സ്റ്റാറ്റസിലാണ് കേരളം സ്ത്രീയെ പരിഗണിക്കുന്നത്. ദുരഭിമാന കൊലകള്‍ കേരളത്തിലും കൂടിവരുന്നു. പ്രണയ നിരാശയുടെ പേരില്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു. ബലാത്സംഗങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളില്‍ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ഉണ്ടെന്നത് എത്രത്തോളം ലൈംഗിക വൈകൃതങ്ങള്‍ക്കാണ് സമൂഹം അടിമപ്പെട്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെയും ശാരിയുടെയും നിലവിളികളുടെ പ്രതിധ്വനി ഇപ്പോഴും സമൂഹത്തില്‍ നിന്നും ഇല്ലാതായട്ടില്ല. നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ ലൈംഗിക വൈകൃതങ്ങളാല്‍ കശാപ്പ് ചെയ്യപ്പെടുമ്പോള്‍, കശാപ്പുകാര്‍ മറഞ്ഞിരുന്ന് സ്വതന്ത്രമായി വിഹരിക്കുകയാണ്. അതില്‍ ഉന്നത ബന്ധമുള്ളവരും ഇല്ലാത്തവരും ഉണ്ടാകാം. മിക്ക കേസുകളിലും വാദി അപമാനിക്കപ്പെടുകയും പ്രതിയാക്കപ്പെടുകയും ചെയ്യുന്നു. പ്രോസിക്യൂഷന്‍ രംഗത്തെ രാഷ്ട്രീയ ഇടപെടലുകളും പാളിച്ചകളുമാണ് ഇതിന്റെ കാരണം. സോഷ്യല്‍ മീഡിയയിലെ വെട്ടുകിളിക്കൂട്ടങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ ഏത് വാദിയും പ്രതിയാകുകയും ചെയ്യും.

കൃഷി നശിപ്പിക്കുന്ന കുഞ്ഞന്‍ ഭീകരരാണ് വെട്ടുകിളികള്‍. ഒരു രാജ്യത്തെ പൂര്‍ണമായും തരിശാക്കാന്‍ വെട്ടുകിളി കൂട്ടങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ മതിയാകും. ഈ കുഞ്ഞന്‍ ഭീകരരെക്കാള്‍ നശീകരണികളാണ് സോഷ്യല്‍ മീഡിയയില്‍ മാലിന്യം വിതറിയെത്തുന്ന വെട്ടുകിളികൂട്ടങ്ങള്‍. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ പൂര്‍ണമായും തരിശാക്കാന്‍ ഈ വെട്ടുകിളികള്‍ക്ക് ഏതാനും ദിവസങ്ങള്‍ മതിയാകും. ആധുനിക ഏകാധിപതികളുടെ ഹാച്ചറികളില്‍ വിരിയിച്ചെടുക്കപ്പെടുന്നവരാണ് ഈ വെട്ടുകിളികള്‍. ജനാധിപത്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഏതൊരാള്‍ക്ക് നേരേയും ഈ വെട്ടുകിളികള്‍ അക്രമവുമായി എത്തും. ഈ വെട്ടുകിളികളില്‍ നിന്നും സാംസ്‌കാരിക കേരളത്തെയും ജനാധിപത്യത്തെയും വീണ്ടെടുക്കുക എന്നതാണ് ഇന്ന് നേരിടുന്ന വെല്ലുവിളി. എം.എന്‍ കാരശേരി ഈ വെട്ടുകിളികളുടെ അവസാനത്തെ ഇരയൊന്നുമല്ല. സ്വര്‍ണം കടത്തിയും ‘അശ്വത്ഥാമാവ് വെറും ഒരും ആന’ കഥകളിലും അഭിമാനിക്കുന്ന ഒരു ഭരണകൂടമാണ് ഈ വെട്ടുകിളികളുടെ ഒളിയിടങ്ങള്‍.

വെട്ടുകിളികളുടെ നിറം ചുവപ്പ് മാത്രമല്ല ചിലതിന് കാവി നിറവും ഉണ്ട്. പലപ്പോഴും കാവിയേത് ചുവപ്പേത് എന്ന് തിരിച്ചറിയാന്‍ കഴിയില്ല എന്നുമാത്രം. വെട്ടുകിളികള്‍ ചേര്‍ന്ന് അപ്രത്യക്ഷമാക്കിയതില്‍ തിരഞ്ഞെടുപ്പ് സമയത്ത് കടത്തിയ കള്ളപ്പണവും സ്വര്‍ണക്കടത്തുംപെടും. ഈ പരസ്പര സഹായ രാഷ്ട്രീയം സാംസ്‌കാരിക കേരളത്തെ വ്രണപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറയായി. ഈ ഭായി ഭായി രാഷ്ട്രീയത്തില്‍ കബളിപ്പിക്കപ്പെടുന്നത് കേരളത്തിലെ ന്യൂനപക്ഷങ്ങളാണ്. ന്യൂനപക്ഷ രക്ഷകരായി ചമയുന്നവര്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണെന്ന് ആ സമൂഹം തിരിച്ചറിയുന്നില്ല. അല്ലെങ്കിലും കഴുത്തില്‍ കത്തി വീഴുന്നത് വരെ ഏതൊരു ആടും കശാപ്പുകാരന്‍ നല്‍കുന്ന പച്ചിലകളില്‍ അഭിരമിക്കും.

മത സൗഹാര്‍ദ്ദമെന്ന കേരളത്തിന്റെ സാംസ്‌കാരിക പൊന്‍തിളക്കത്തെയാണ് ഈ കശാപ്പുകാരന്‍ കബളിപ്പിച്ച് പച്ചിലകാട്ടി അറവ് കല്ലില്‍ കയറ്റി തൂക്കിവിറ്റ് വോട്ടാക്കുന്നത്. കേരളത്തില്‍ നടന്ന അവസാനത്തെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇത്തരം തൂക്കി വില്‍ക്കലല്ലാതെ മറ്റൊന്നുമല്ല നടന്നത്. അതിന്റെ അനന്തര ഫലം ഒന്നൊന്നായി നാം അനുഭവിച്ച് വരുന്നുണ്ട്. കേരളത്തിന്റെ നെഞ്ചിലൂടെ കെ റെയില്‍ ഓടിച്ചു കയറ്റാനുള്ള ചങ്കൂറ്റം അങ്ങനെ അവര്‍ ആര്‍ജ്ജിക്കുകയും ചെയ്തു.

കേരളത്തിന്റെ ജനാധിപത്യ ബോധത്തിലേക്ക് പണാധിപത്യം തള്ളിക്കയറിയതിന്റെ ഉദാഹരണം മാത്രമാണ് കെ റെയില്‍. പൗരാവകാശങ്ങളെ പുച്ഛിച്ച് തള്ളി അവന്റെ അടുക്കളയില്‍ കയറി കെ റെയില്‍ കല്ല് നാട്ടാന്‍ അങ്ങനെ അവര്‍ക്കായി. കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയം തിരിച്ചറിയാന്‍ ലഹരിക്ക് അടിമയായ യുവതയ്ക്ക് കഴിയുന്നുമില്ല. ലഹരി സൗഹാര്‍ദ്ദ തലസ്ഥാനമായി ഇന്ന് കേരളം മാറിയിരിക്കുന്നു. കഞ്ചാവിന്റെയും ചരസിന്റെയും രതിയുടെയും എം.ഡി.എമ്മിന്റെയും നീരാളിപ്പിടുത്തത്തിലേക്ക് കേരളം ആഴ്ന്നുകൊണ്ടിരിക്കുന്നു. മയക്കുമരുന്ന്, കള്ളപ്പണം, രതി എന്നിവയുമായി കൂടി കുഴഞ്ഞവയാണ് കേരളത്തിലെ ഭൂരിഭാഗം കുറ്റകൃത്യങ്ങളും.

ഈ സാംസ്‌കാരിക അപചയങ്ങള്‍ കേരളത്തെ നശിപ്പിക്കുന്നു. ഇതുവഴി ഉണ്ടാകുന്ന സാംസ്‌കാരിക ജീര്‍ണത കേരളത്തില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. സുശക്തമായ ഒരു സാംസ്‌കാരം, സാമൂഹിക സാമ്പത്തിക ഉന്നമനത്തിന്റെ അടിസ്ഥാന ഘടകമാണ്. പ്രസ്തുത ലക്ഷ്യം കൈവരിക്കുന്ന ദിശയിലേക്കുള്ള അതിന്റെ വളര്‍ച്ച സ്വാഗതാത്മകവുമാണ്. അത്തരം വളര്‍ച്ച ആരോഗ്യമുള്ളതും, സഹിഷ്ണുതയും, ഐക്യവും, ഉന്നത ജീവിത നിലവാരവും ഉള്ള ഒരു സമൂഹത്തെ പ്രധാനം ചെയ്യുന്നു. എന്നാല്‍ കേരളത്തിന്റെ സാംസ്‌കാരിക വളര്‍ച്ച വിപരീത ദിശയിലേക്കാണ്. അത് തിരിച്ചറിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്. സര്‍ക്കാരുകള്‍ ഈ ദിശയിലേക്ക് സമൂഹത്തെ നയിക്കാന്‍ പ്രചോദനമാകുകയും വേണം. അങ്ങനെയെങ്കില്‍ മാത്രമേ അപരനും ഞാനാണെന്ന ബോധമുള്ള സമൂഹത്തിലേക്ക് എത്തിച്ചേരുകയുള്ളൂ.

Test User: