X
    Categories: NewsSports

സന്തോഷ് ട്രോഫി ഫൈനലില്‍ കിരീടം സ്വന്തമാക്കിയാല്‍ കേരള ടീമിന് ഒരുകോടി രൂപ; ഷംസീര്‍ വയലില്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജയിച്ചാല്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷസീര്‍ വയലില്‍. ട്വിറ്ററിലൂടെയാണ് അദ്ദേം ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാത്രി ഏട്ടുമണിക്ക് പയ്യനാട് വെച്ചാണ് ആവേശകരമായ ഫൈനല്‍ പോരട്ടം.ഏഴാം കിരീടം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച കേരളം തികഞ്ഞ പ്രതീക്ഷയിലാണ് ഫൈനല്‍ മാമാങ്കത്തിനിറങ്ങുന്നത്. സെമി ഫൈനലില്‍ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ ടിക്കറ്റ് നേടിയത്. മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാളിന്റെ ഫൈനല്‍ പ്രവേശനം. ടൂര്‍ണമെന്റിലെ തന്നെ ടോപ്‌സ്‌കോററായ ജസിന്‍ ടി.കെയിലാണ് കേരള പ്രതീക്ഷകള്‍. ആറുഗോളുകളാണ് ജസിന്‍ കേരളത്തിനായി നേടിയത്. നായകന്‍ ജിജോ ജോസഫ് അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്. അഞ്ചുഗോളുകളോടെ തിളങ്ങി നില്‍ക്കുന്ന മുഹമ്മദ് ഫര്‍ദീന്‍ അലി മൊല്ലയാണ് ബംഗാളിന്റെ തുറുപ്പുചീട്ട്.

കേരളവും ബംഗാളും ഇത് നാലാംതവണയാണ് ഫൈനലില്‍ മുഖാമുഖം വരുന്നത്. ഇതില്‍ 2018ലാണ് ചരിത്രത്തില്‍ ആദ്യമായി കേരളം ബംഗാളിനെ തോല്‍പ്പിച്ച് കിരീടം നേടുന്നത്. അതും കൊല്‍ക്കത്തയിലായിരുന്നു മത്സരം. 1989, 1994 വര്‍ഷങ്ങളില്‍ കേരളത്തെ തോല്‍പിച്ച് ബംഗാളും കിരീടമുയര്‍ത്തി.

75 വര്‍ഷത്തെ ചരിത്രമുള്ള സന്തോഷ് ട്രോഫിയില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്മാരായി. കേരളം ആറുതണവയും. കേരളത്തിന്റെ 15-ാം ഫൈനലാണിത്. കേരളത്തിന്റെ ഹാട്രിക്ക് കിരീട സ്വപ്നം തകര്‍ത്ത ചരിത്രവുമുണ്ട് ബംഗാളിന്. 1992 ലെ കോയമ്പത്തൂര്‍, 1993 ലെ കൊച്ചി സന്തോഷ് ട്രോഫി കിരീടം നേടിയത് കേരളമായിരുന്നു. 1994ലെ കട്ടക്ക് സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് പെനാല്‍റ്റിഷൂട്ടൗട്ടില്‍ തോറ്റതോടെ ഹാട്രിക്ക് കിരീടം നഷ്ടമായി. കേരള താരം വി.പി ഷാജി നേടിയ ഗോള്‍ അംഗീകരിക്കാത്ത റഫറിക്കെതിരെ പരാതി ഉയര്‍ന്ന ഫൈനലുകൂടിയായിരുന്നു ഇത്.

Chandrika Web: