ഇംഫാല്‍: ലൈബീരിയന്‍ പ്രതിരോധ നിരക്കാരന്‍ കല്ലന്‍ കീറ്റാംമ്പ ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ നേടിയ ഏക ഗോളിന് നെരോക്ക എഫ്.സി ഗോകുലം കേരളയെ തോല്‍പിച്ചു. ജയത്തോടെ മിനര്‍വ എഫ്.സി പഞ്ചാബിനെ മറികടന്ന് നെരോക്ക പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ച
ര്‍ച്ചില്‍ ബ്രദേഴ്‌സിനെ കീഴടക്കിയ അതേ ടീമിനെ തന്നെ ഇറക്കിയ നെരോക്ക കോച്ച് റൈക്കാന്റെ തീരുമാനം ഒരിക്കല്‍ കൂടി ശരിവെച്ച് നെരോക്ക മത്സരം സ്വന്തമാക്കുകയായിരുന്നു. അതേ സമയം ഷില്ലോങ് ലജോങിനെതിരായ മത്സരത്തില്‍ ഇറക്കിയ ടീമില്‍ നിന്നും മൂന്നു മാറ്റങ്ങളോടെയാണ് ഗോകുലം കേരള എഫ്.സി ഇറങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ലാല്‍ദാംപൂയിയ പരിക്കേറ്റു മടങ്ങിയത് ഗോകുലത്തിന് തിരിച്ചടിയാവുകയും ചെയ്തു.
ആദ്യ 25 മിനിറ്റിനുള്ളില്‍ തന്നെ നിരവധി തവണയാണ് ഗോകുലം ഗോള്‍മുഖത്ത് നെരോക്ക ഭീഷണിയുയര്‍ത്തിയത്. 28-ാം മിനിറ്റില്‍ അലജ്മിയുടെ ക്രോസ് സല്‍മാന്‍ ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചു വിട്ടു. പക്ഷേ പന്ത് നെരോക്ക ഗോള്‍കീപ്പറെ കീഴടക്കിയെങ്കിലും ഗോള്‍പോസ്റ്റില്‍ തട്ടി മടങ്ങി. 43-ാം മിനിറ്റില്‍ ഗോകുലം പ്രതിരോധ നിരക്കാരന്‍ ബിലാല്‍ ഖാന്റെ പിഴവില്‍ നിന്നുമാണ് കല്ലന്‍ ഗോള്‍ നേടിയത്.
തോല്‍വിയോടെ 10 പോയിന്റുമായി ഗോകുലം അവസാന സ്ഥാനത്തേക്കിറങ്ങി. മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യന്‍ ആരോസിനെ കീഴടക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഒമാഗ്‌ബെമിയാണ് നിര്‍ണായക ഗോള്‍ നേടിയത്. ജയത്തോടെ ഈസ്റ്റ് ബംഗാള്‍ 23 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.