കോഴിക്കോട്: കേരളത്തിന്റെ പാരസ്പര്യം തകര്‍ക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണ് കേരള സ്‌റ്റോറി എന്ന സംഘപരിവാര്‍ സിനിമയെന്നു മുസ്‌ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം. കെ മുനീര്‍ എം. എല്‍.എ. കേരളത്തിന്റെ ഭൂമിയിലേക്ക് എങ്ങനെ ചുവടുറപ്പിക്കാമെന്ന സംഘ്പരിവാര്‍ റിസര്‍ച്ചിന്റെ റിസള്‍ട്ടുകളിലൊന്നാണ് കേരള സ്‌റ്റോറി എന്ന സിനിമ. കേരളത്തിന്റെ ദൃഢതയാര്‍ന്ന പാരസ്പര്യ ബോധത്തെ തകര്‍ത്തു കൊണ്ട് മാത്രമേ സംഘ്പരിവാറിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന് ഈ മണ്ണില്‍ പടര്‍ന്ന് കയറാന്‍ സാധിക്കൂ എന്ന പ്ലാന്‍ ബിയുടെ പൂര്‍ത്തീകരണമാണിതെന്നും മുനീര്‍ പറഞ്ഞു.
കേരളത്തിന്റെ ചരിത്രവും സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും സാംസ്‌കാരിക പൈതൃകവും തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ സമവാക്യങ്ങളല്ലെന്ന് സംഘ്പരിവാര്‍ തിരിച്ചറിയുന്നു. പിന്നീട് വിദ്വേഷത്തിന്റെയും അസത്യങ്ങളുടെയും പ്രചാരണം നടത്തുകയാണവര്‍. ഗുജറാത്ത് കലാപത്തിന്റെ മുന്നോടിയായി അവിടത്തുകാര്‍ കേട്ട അപര ദ്വേഷത്തിന്റെ വാക്കുകള്‍ കേരളത്തിലും കേട്ടു തുടങ്ങുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കലാപത്തിലൂടെ അധികാര ലബ്ദിയെന്ന ഫാഷിസ്റ്റ് പരീക്ഷണമാകണം അവരുടെ ഇവിടുത്തെയും ലക്ഷ്യം. എന്നാല്‍ അതിനിരകളാവുന്നത് നിഷ്‌കളങ്കമായി നാളിതു വരെ കൈകോര്‍ത്ത് പിടിച്ചു ജീവിച്ച സാധാരണ മനുഷ്യരാണ്. അവരുടെ സ്വപ്‌നങ്ങളാണ്. അഹമ്മദാബാദിലും നരോധഗാമിലും ബെഹ്‌റാംപുരയിലും ഗോമതിപൂരിലും സരസ്പൂരിലും അങ്ങനെ ഗുജറാത്തിലെ എത്രയോ പ്രദേശങ്ങളില്‍ ഇന്നും കലാപങ്ങളില്‍ കൈവിട്ടു പോയ മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ കഴിയാത്ത അനേകം മനുഷ്യരുണ്ട്. അവരുടെ നിലവിളികളുണ്ട്. അതില്‍ ഹിന്ദുവും മുസ്‌ലിമും ഉണ്ട്. ഹൃദയം പിളര്‍ക്കുന്ന അവരുടെ വേദനകളുണ്ട്. രക്തം കിനിയുന്ന അനുഭവങ്ങളുണ്ട്.
എതിര്‍ ശബ്ദങ്ങളില്ലാത്ത സമഗ്രാധിപത്യത്തിന് വേണ്ടി ഒരു വിഭാഗം ജനതയെ ലക്ഷ്യം വെച്ച് അപസര്‍പ്പക കഥകള്‍ സൃഷ്ടിക്കുകയാണ് സംഘ് പരിവാര്‍. ഇത് മനസിലാക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ എല്ലാം ഒടുങ്ങുന്ന സര്‍വ്വനാശത്തിന്റെ തുടക്കമാണതെന്ന് മനസ്സോടെ പറയേണ്ടി വരും. അത്തരത്തില്‍ ഒരു പരാജിത ജനതയായി നാം മാറാതിരിക്കണമെങ്കില്‍ ഏതന്ധകാരത്തിലും കെടാത്ത വിളക്കായി എപ്പോഴുമെന്നപോലെ നമ്മള്‍ രാജ്യത്തിന് വഴി കാണിച്ചേ തീരൂവെന്നും എം. കെ മുനീര്‍ പറഞ്ഞു.