തിരുവനന്തപുരം/കോഴിക്കോട്: അസാധുവാക്കിയ 1000, 500 നോട്ടുകള്‍ മാറിയെടുക്കാനുള്ള ജനത്തിന്റെ നെട്ടോട്ടം തുടരുന്നു. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ച മൂന്നാം ദിനവും പ്രതിസന്ധിക്ക് അറുതിയായില്ല. അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. നൂറുകണക്കിനാളുകള്‍ ഒരേസമയം എത്തിയതോടെ കള്ളനോട്ടുകളുണ്ടോ എന്ന് വ്യക്തമായി പരിശോധിച്ച ശേഷമാണ് ബാങ്ക് അധികൃതര്‍ പണം മാറി നല്‍കിത്. ഇത് ഓരോ ഇടപാടുകാരനും നോട്ടു മാറിലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കാന്‍ ഇടയാക്കി.
ഇതിനിടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് വ്യാപാരമേഖലയില്‍ കടുത്ത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തില്‍ 15 മുതല്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ യഥേഷ്ടം ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ സമിതി പ്രതിഷേധിച്ചു.
ആഴ്ചയില്‍ ഒരിക്കല്‍ മൊത്തവ്യാപാരിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പഴയ നോട്ട് വാങ്ങാന്‍ പറ്റുന്നില്ല. പുതിയത് കിട്ടുന്നുമില്ല. അതുകൊണ്ടുതന്നെ കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയാണ്. അഡ്വാന്‍സ് ടാക്‌സ് അടച്ച് സാധനങ്ങള്‍ കൊണ്ടുവരാന്‍ ബാങ്കുകള്‍ പണം സ്വീകരിക്കാത്തതും പ്രശ്‌നമാണ്.
പല ലൈസന്‍സ് ഫീസുകളും ഈ മാസം 15ാം തിയതിയാണ് അടക്കേണ്ടത്. പണം ഇല്ലാത്തതുകൊണ്ടും കച്ചവടമാന്ദ്യം കൊണ്ടും ഫീസ് അടക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് 15 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഏകോപനസമിതി പ്രസിഡണ്ട് ടി. നസിറുദ്ദീനും ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്തും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കടയടപ്പ് സമരം ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് സമിതി നേതാക്കള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.
എ.ടി.എമ്മുകള്‍ തുറക്കുന്നതോടെ പ്രതിസന്ധി ഒഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. കഴിഞ്ഞ ദിവസങ്ങളില്‍ അക്കൗണ്ടിലേക്ക് പലരും പണം നിക്ഷേപിച്ചതും ഈ പ്രതീക്ഷയോടെയാണ്. എന്നാല്‍ ഭൂരിഭാഗം എ.ടി.എമ്മുകളും ഇന്നലെയും അടഞ്ഞു കിടന്നു. കരാറുകാര്‍ നിറക്കേണ്ട എ.ടി.എമ്മുകളാണ് തുറക്കാതിരുന്നത്. നിറച്ച എ.ടി.എമ്മുകളാകട്ടെ മണിക്കൂറുകള്‍ക്കകം ശൂന്യമാവുകയും ചെയ്തു. പുതുതായി ഇറക്കിയ 2000 രൂപ നോട്ട് ഇതുവരെ എ.ടി.എമ്മുകളില്‍ നിറക്കാന്‍ സാധിച്ചിട്ടില്ല. 100 രൂപ നോട്ടാണ് എ.ടി.എം വഴി വിതരണം ചെയ്യുന്നത്. ഇതാണ് എ.ടി.എമ്മുകള്‍ പെട്ടെന്നു ശൂന്യമാകാന്‍ കാരണമാകുന്നത്.
500 രൂപയുടെ പുതിയ നോട്ടുകള്‍ എത്തുന്നതുവരെ പ്രതിസന്ധി തുടരുമെന്നാണ് സൂചന. നൂറുരൂപക്ക് കടുത്ത ക്ഷാമം നേരിടുന്നതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. ആവശ്യത്തിന് നോട്ടുകള്‍ എത്തിയില്ലെങ്കില്‍ ബാങ്കുകളുടേയും എ.ടി.എമ്മുകളുടേയും പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും.
ഡിസംബര്‍ 30വരെ ഒരു തവണ മാത്രമേ അസാധുവായ നോട്ടുകള്‍ നല്‍കി 4000 രൂപ മാറ്റിയെടുക്കാന്‍ കഴിയൂ. എന്നാല്‍ സംസ്ഥാന വ്യാപകമായി പലവട്ടം പണം മാറ്റല്‍ തുടരുകയാണ്. സാധാരണക്കാര്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പണമെടുക്കാന്‍ എത്തുന്നതിനെ തടയേണ്ടെന്നാണ് പല ബാങ്കുകളും സ്വീകരിക്കുന്ന നിലപാട്. പണം മാറ്റാന്‍ എത്തുന്നവര്‍ ഹാജരാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ രേഖപ്പെടുത്താന്‍ പുതിയ സോഫ്റ്റ്‌വെയര്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരു കാര്‍ഡ് നമ്പര്‍ രണ്ടുവട്ടം നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ ആവര്‍ത്തനം ചൂണ്ടിക്കാട്ടും.
എന്നാല്‍ ഒരിക്കല്‍ പണം മാറ്റിയ ആള്‍ വീണ്ടും മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ സോഫ്റ്റ്‌വെയറിന് തിരിച്ചറിയാന്‍ കഴിയില്ല. സോഫ്റ്റ്‌വെയര്‍ വഴി ശേഖരിക്കുന്ന വിവരം ബാങ്കുകള്‍ തമ്മില്‍ പങ്കുവെക്കാത്തതിനാല്‍ ഒരാള്‍ ഒരു തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് പല ബാങ്കുകളില്‍ എത്തിയാലും പിടികൂടാനാവില്ല. അതേസമയം ഇത്തരം പഴുതുകള്‍ മുന്നില്‍ക്കണ്ട് എല്ലാ ബാങ്കുകളും പണം മാറ്റി നല്‍കുന്ന കൗണ്ടറുകളില്‍ ക്യാമറ നിരീക്ഷണം ഉറപ്പാക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ ഞായറാഴ്ചയായ ഇന്നും തുറന്നുപ്രവര്‍ത്തിക്കും.