തിരുവനന്തപുരം: 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. 50ാമത് ചലച്ചിത്ര പുരസ്‌കാരമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടന്‍, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്.
119 സിനിമകളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ റിലീസ് ചെയ്യാത്ത ചിത്രങ്ങളുമുണ്ട്. നിവിന്‍ പോളിയുടെ മൂത്തോന്‍ മുതല്‍ മമ്മൂട്ടിയുടെ ഉണ്ട വരെ മത്സര രംഗത്തുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. റിലീസ് ചെയ്യാത്ത മോഹന്‍ലാലിന്റെ മരക്കാരും മത്സര രംഗത്തുണ്ട്.
മൂത്തോന്‍ വഴി നിവിന്‍ പോളിയും അമ്പിളിയിലൂടെ സൗബിന്‍ ഷാഹിറും ഇഷ്‌ക്കിലൂടെ ഷെയ്ന്‍ നിഗവും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, ഫൈനല്‍സ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിയിട്ടുണ്ട്.
ഉയരെയിലൂടെ വീണ്ടും പാര്‍വ്വതി മികച്ച നടിയാകുമോ അതോ പ്രതി പൂവന്‍കോഴിയിലൂടെ മഞ്ജുവാര്യരോ, കുമ്പളങ്ങി നൈറ്റ്‌സ് ഹെലന്‍ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്. രജീഷാ വിജയനും പട്ടികയില്‍ മുന്‍നിരയിലുണ്ട്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.