ജനകീയ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ നില്‍ക്കാതെ മാറിനില്‍ക്കാനാണ് കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറിനും കേരളത്തില്‍ ഇടതുപക്ഷത്തിനും താല്‍പര്യം. എന്തു സംഭവിച്ചാലും കയ്യും കെട്ടി നോക്കിനില്‍ക്കാനും പരസ്പരം പഴിചാരാനുമാണ് രണ്ട് പക്ഷത്തിനും താല്‍പര്യം. അനാവാശ്യ വിവാദങ്ങള്‍ ഊതിപ്പെരുപ്പിച്ചും മത, ജാതി വികാരങ്ങള്‍ ആളിക്കത്തിച്ചും ജനശ്രദ്ധ തിരിച്ചുവിടാന്‍ അവര്‍ക്കുള്ള മിടുക്ക് ഒന്നു വേറെ തന്നെയാണ്. കേരളത്തിലെ വിലക്കയറ്റവും ഗവര്‍ണറുമായുള്ള വാക്കുതര്‍ക്കങ്ങളും ഒപ്പത്തിനൊപ്പം സമാന്തര രേഖയില്‍ തന്നെ പോകുന്നതിന്റെ നയതന്ത്രം വിശദീകരണങ്ങളില്ലാതെ തന്നെ ജനത്തിന് മനസ്സിലാകും. അടിയും ബഹളവും തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എടുത്തുചാട്ടം കൂടുതലാണെന്ന് എല്ലാവര്‍ക്കും അറിയാം. മാധ്യമങ്ങള്‍ക്കു മുന്നില്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞ് വാര്‍ത്തയില്‍ താരമാകാനും അദ്ദേഹത്തിന് താല്‍പര്യമുണ്ട്. ഇതെല്ലാം അറിഞ്ഞു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണറുടെ ഭാഗത്തുനിന്ന് വെടിയൊച്ച നിലച്ചാല്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ച് എന്തെങ്കിലും വിളിച്ചുപറയിക്കണമെന്നും വാഗ്വാദം തുടരണമെന്നും സര്‍ക്കാറിന് വാശിയുള്ളതുപോലെയുണ്ട്. രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വലിയ ചെലവില്ലാതെ തന്നെ സാധിക്കും. ഭക്ഷ്യവസ്തുക്കളുടെയും നിര്‍മാണ സാമഗ്രികളുടെയും വില കുതിക്കുന്നതിന് അനുസരിച്ച് ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ക്കും രൂക്ഷത കൂടുകയാണ്. രാഷ്ടീയ വിവാദങ്ങളുടെ ബഹളങ്ങള്‍ക്കിടയില്‍ ജനങ്ങളുടെ നിലവിളി ആരു കേള്‍ക്കാന്‍? സാധാരണക്കാരന്റെ പരാതികളും പരിഭവങ്ങളും പുറത്തു കേള്‍ക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത് വിലക്കയറ്റത്തിന്റെ പിടിയില്‍ അകപ്പെടാത്തതായി ഒന്നും അവശേഷിക്കുന്നില്ല. നിത്യജീവിതവുമായി ബന്ധപ്പെട്ട് അരിയുള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. അതോടൊപ്പം നിര്‍മാണ സാമഗ്രികളുടെ വിലയും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. സിമന്റ്, കമ്പി, മെറ്റല്‍, എം സാന്റ്, ടൈല്‍സ്, പ്ലമ്പിങ്-ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍, പെയന്റ് തുടങ്ങി നിര്‍മാണ മേഖലയില്‍ ആവശ്യം വേണ്ട സാധനങ്ങളെല്ലാം സാധാരണക്കാരന്റെ ബജറ്റിന് അപ്പുറത്താണ്. വീട് നിര്‍മാണം ഉള്‍പ്പെടെ തുടങ്ങി വെച്ചതെല്ലാം പാതിവഴിക്ക് സ്തംഭിച്ചിരിക്കുന്നു. സിമന്റ് വില ചാക്കൊന്നിന് 500 രൂപയില്‍ എത്തിയത് ലാഘവത്തോടെ കാണാനാവില്ല. രണ്ട് മാസത്തിനിടെ കെട്ടിട നിര്‍മാണച്ചെലവില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍ ഇടപെടുകയും ആശ്വാസം പകരുകയും ചെയ്യേണ്ടത് സര്‍ക്കാറല്ലാതെ മറ്റാരാണ്? ചില ബാഹ്യഘടകങ്ങളിലേക്കും കേന്ദ്രത്തിന്റെ പിടിപ്പുകേടിലേക്കും വിരല്‍ ചൂണ്ടി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതാണ് ഭരണമെന്ന തെറ്റിദ്ധാരണയുടെ പിടിയിലാണ് പിണറായി വിജയന്‍.
വിമര്‍ശനങ്ങളെ മുഴുവന്‍ രാഷ്ട്രീയമായി കാണരുത്. ജനങ്ങളുടെ ദുരിതം അകറ്റാന്‍ മുന്‍കയ്യെടുക്കേണ്ടത് സര്‍ക്കാര്‍ മാത്രമാണ്. കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരുടെ ആശ്രയമെന്ന നിലയില്‍ നിര്‍മാണ മേഖലയിലെ വിലക്കയറ്റം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാര്‍ഗമാണ് വഴിമുട്ടിയിരിക്കുന്നത്. നിത്യപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ തുര്‍ന്ന് ദുരിതത്തിലായ സാധാരണക്കാരന് മുന്നില്‍ വരുമാന സ്രോതസ്സ് അടഞ്ഞുതുടങ്ങിയിരിക്കുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. നിര്‍മാണ മേഖലയില്‍ പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനം വിട്ടുതുടങ്ങിയിട്ടുണ്ട്. വരും നാളുകളില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ എണ്ണം കൂടും. പൊതു, സ്വകാര്യ മേഖലകളിലെ നിര്‍മാണ ജോലികള്‍ സ്തംഭിച്ചിരിക്കുന്നു. കോവിഡ് കാലത്തെക്കാള്‍ വലിയ പട്ടിണിയിലാണ് ജനങ്ങള്‍ അകപ്പെടുന്നത്.
സാമ്പത്തിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ ഉറക്കം നടിച്ച് മുന്നോട്ടുപോകുന്നത് ഏറെ ഖേദകരമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്ന വിധം എല്ലാം ഭദ്രമാണെന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് പ്രശ്‌നപരിഹാരം സാധ്യമല്ല. യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണുതുറക്കാനും ക്രിയാത്മകമായി ഇടപെടാനും സര്‍ക്കാര്‍ തയാറാകണം. ഗവര്‍ണറുമായി അടിയുണ്ടാക്കുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല അതെന്ന് മാത്രം. അല്‍പം ബുദ്ധികൊടുത്ത് ചിന്തിക്കുകയും മെയ്യനങ്ങി പണിയെടുക്കുകയും ചെയ്യേണ്ടിവരും. പക്ഷെ, കുത്തകകള്‍ക്ക് ദാസ്യവേല ചെയ്യുന്ന ഭരണകൂടത്തില്‍നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് മാത്രം. സാധാരണക്കാരന്റെ നടുവൊടിഞ്ഞാലും കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ ഇടിവുണ്ടാകരുതെന്ന് ഇടത് മന്ത്രിമാര്‍ക്ക് നിര്‍ബന്ധമുണ്ട്. അത്തരമൊരു ഭരണനേതൃത്വം ബദല്‍സംവിധാനങ്ങള്‍ കൊണ്ടുവന്ന് വിലക്കയറ്റത്തിന് കടിഞ്ഞാടുമെന്ന് കരുതിയെങ്കില്‍ കേരളത്തിന് നിരാശ മാത്രമായിരിക്കും ബാക്കി.