കോഴിക്കോട്: നവോത്ഥാന പാതയിലൂടെ കടന്നുപോയവരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ ഇന്ന് പരാജയപ്പെട്ട ജനതയായി മാറുകയാണെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. എതിര്‍പ്പിന്റെ ശബ്ദം പോലും വിഭജിക്കപ്പെടുകയാണ്. പ്രതികരിക്കേണ്ടവര്‍ ഒന്നുകില്‍ നിശബ്ദരാകുകയോ സഹായികളായി മാറുകയോ ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ മാറിനില്‍ക്കുന്നു. സിവില്‍ സമൂഹം ഫാസിസ്റ്റ് വല്‍ക്കരിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലവിലുള്ളത്. നവോത്ഥാനത്തില്‍നിന്ന് എത്രത്തോളം പിന്നോട്ട് പോയി എന്നതിന്റെ തെളിവാണ് എസ്. ഹരീഷിനെതിരെ യോഗക്ഷേമ സഭ പോലുള്ളവര്‍ ഉന്നയിച്ച പരാതികള്‍. ആള്‍ക്കൂട്ട സമ്മര്‍ദ്ദങ്ങള്‍ ഭീകര അട്ടഹാസങ്ങളായി മാറുകയാണ്. സംഘ്പരിവാര അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ ഏറിവരുമ്പോള്‍ പുരോഗമനക്കാര്‍ പിന്നോട്ട് പോകുന്നത് ആശാവഹമല്ല.
മോഹന്‍ലാലിനെതിരെയല്ല പ്രതികരിച്ചത്. സ്ത്രീവിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ ഇത്തരം വേദികളില്‍ മുഖ്യന്‍മാരാവുന്നത് ശരിയായ പ്രവണതയല്ല. മറ്റുള്ളവരുടെ അവസരവും നിലയും ഇല്ലാതാക്കുന്ന പരിവേഷം എതിര്‍ക്കപ്പെടേണ്ടതാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ആള്‍ക്കൂട്ട സമ്മര്‍ദ്ദത്തില്‍ എഴുത്തുകാരന്‍ സൃഷ്ടി പിന്‍വലിക്കേണ്ടി വരുന്നത് സമൂഹത്തിന്റെ പരാജയമാണെന്ന് സാമൂഹിക നിരീക്ഷകന്‍ ടി.ടി ശ്രീകുമാര്‍ പറഞ്ഞു. കേരളത്തിലെ ജാതിവ്യവസ്ഥയെ വ്യക്തമായി അടയാളപ്പെടുത്താനാണ് ഹരീഷ് തന്റെ നോവലിലൂടെ ശ്രമിച്ചത്. അതു അസ്വസ്ഥതയുണ്ടാക്കുന്നവരാണ് പ്രതിഷേധത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.