കോഴിക്കോട്: ആരോഗ്യനില മോശമായ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ. മനുഷ്യാവകാശം ചവച്ചുതുപ്പിയ ഭരണകൂട ചെയ്തികള്‍ക്കൊടുവില്‍ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണ്. ജീവിച്ചിരിക്കുമ്പോള്‍ ഒരു പൂ നല്‍കാതെ മരിച്ചവര്‍ക്ക് പുഷ്പചക്രം നല്‍കുന്നവരായി മലയാളികള്‍ മാറിക്കൂടാ. മഅദനി വേദനയുടെ ഒരു കടല്‍ കുടിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാന്‍ വിടരുത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അദ്ദേഹം പങ്കുവെച്ച് കുറിപ്പിന്റെ പൂര്‍ണ രൂപം
അബ്ദുന്നാസര്‍ മഅദനിയുടെ ദുര്‍ബലമായ ആ ശബ്ദ സന്ദേശം ഏറെ വേദനയോടെയാണ് കേട്ടത്.വളരെ മുമ്പെ, ശബ്ദ ഗാംഭീര്യത്തോടെ മുഴങ്ങിയ ആ ശബ്ദം ഇത്രമേല്‍ ദുര്‍ബലമായത് ഭരണ കൂട ഭീകരതയുടെ പല്ലും നഖവും ഏല്‍ക്കേണ്ടി വന്ന നിസ്സഹായതയില്‍ നിന്നാണ്.
അബ്ദുന്നാസര്‍ മഅദനി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകള്‍ക്കപ്പുറം ഇനിയൊരു സ്റ്റാന്‍ സാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം.
മനുഷ്യാവകാശം ചവച്ചു തുപ്പിയ ഭരണ കൂട ചെയ്തികള്‍ക്കൊടുവില്‍ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണ്. ജീവിച്ചിരിക്കുമ്പോള്‍ ഒരു പൂ നല്‍കാതെ മരിച്ചവര്‍ക്ക് പുഷ്പചക്രം നല്‍കുന്നവരായി മലയാളികള്‍ മാറിക്കൂടാ.
മഅദനി വേദനയുടെ ഒരു കടല്‍ കുടിച്ചു കഴിഞ്ഞിരിക്കുന്നു.ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാന്‍ വിട്ട് കൊടുക്കരുത്.