പാലക്കാട്: കേരളത്തിലേക്ക് ഒഴുകേണ്ട വെള്ളം തടഞ്ഞ് ജലവിഷയത്തില്‍ വീണ്ടും തമിഴ്‌നാടിന്റെ ഭീഷണി. പറമ്പികുളം-ആളിയാര്‍ കരാര്‍ കാറ്റില്‍പ്പറത്തി കേരളത്തിലേക്ക് വെള്ളം തുറന്നു വിടുന്ന ആളിയാര്‍ ഡാമിലെ ഷട്ടറാണ് തമിഴ്നാട് അടച്ചത്. കേരളത്തിലെ കര്‍ഷകര്‍ വിളവിറക്കി കാത്തിരിക്കുമ്പോഴാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം തമിഴ്നാട് തടഞ്ഞുവച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് തമിഴ്നാട്ടില്‍ നിന്നും ജലവിഭവവകുപ്പ് അധികൃതര്‍ ആളിയാറിലെത്തി കേരളത്തിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടര്‍ പൂര്‍ണമായും അടച്ചത്. തങ്ങള്‍ക്കു വേണ്ട വെള്ളം ഡാമില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേക്ക് വരേണ്ട വെള്ളം തടയുന്നത്. നടപടി അപലപനീയമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറുമായി ആലോചിച്ച് തീരുമാനം എടുക്കും.
ആളിയാര്‍ ഡാമില്‍ നിന്നും ഈ മാസം ഒന്ന് മുതല്‍ പതിനാറ് വരെ മിനുറ്റില്‍ 700 ദശലക്ഷം ഘനഅടി വെള്ളം കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ടതാണ്. ഡാം വഴി കേരളത്തിലേക്ക് തുറന്നുവിടുന്ന വെള്ളം വിവിധ കൈവഴികളിലൂടെയാണ് ചിറ്റൂര്‍ ,ഭാരതപ്പുഴ എന്നീ നദികളിലേക്കെത്തുന്നത്. അന്തര്‍സംസ്ഥാന ജലകരാര്‍ പ്രകാരമാണ് ഇത് ലഭ്യമാക്കാന്‍ തമിഴ്നാട് ബാധ്യസ്ഥരാണ്.
മഴ കുറവായതിനാല്‍ 500 ഘനയടി വെള്ളം മാത്രമേ വിട്ടുനല്‍കാന്‍ കഴിയൂവെന്ന് തമിഴ്നാട് നേരത്തെ കേരളത്തോട് വ്യക്തമാക്കിയിരുന്നു. 540 ഘനഅടി വരെ നല്‍കാമെന്ന് രണ്ട് ദിവസം മുന്‍പ് തമിഴ്നാട് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്നാട് വെള്ളം പൂര്‍ണ്ണമായി നിഷേധിച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. മഴ തീരെ ഇല്ലാതായതിനാല്‍ തമിഴ്നാടിന്റെ പുതിയ നടപടി മൂലം പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ രൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഇതോടെ ഇനി മലമ്പുഴ ഡാമിലെ വെള്ളം മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ ഏതാനും ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് (108.17 മീറ്റര്‍) മലമ്പുഴ ഡാമില്‍ അവശേഷിക്കന്നത്.
മഴ കുറഞ്ഞതിനാല്‍ കൊടും വരള്‍ച്ചയിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. കേരള സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെണമെന്ന ആവശ്യം ഉയരുന്നുണ്ട്.