തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട എ.ബി.സി വ്യവസ്ഥകളില്‍ (മൃഗ പ്രജനന നിയന്ത്രണ വ്യവസ്ഥ) ഇളവ് വേണമെന്ന ആവശ്യവുമായി സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു.
വന്ധ്യംകരണ കേന്ദ്രത്തിലെ ഡോക്ടര്‍ 2000 എ.ബി.സി ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടായിരിക്കണമെന്നാണ് 2023ല്‍ ഭേദഗതിചെയ്ത ചട്ടം. ഇതുമൂലം പുതുതായിവരുന്ന വെറ്ററിനറി ഡോക്ടര്‍മാരെ എ.ബി.സി കേന്ദ്രങ്ങളില്‍ നിയമിക്കാന്‍ സാധിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2000 എ.ബി.സി ശസ്ത്രക്രിയകള്‍ ഒരു ഡോക്ടര്‍ ചെയ്തു എന്ന് സാക്ഷ്യപ്പെടുത്താനുള്ള സംവിധാനമില്ല.
വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ സംസ്ഥാന വെറ്ററിനറി കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്യുകയും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് എംപാനല്‍ ചെയ്ത ഏതെങ്കിലും സംഘടനയിലോ വെറ്ററിനറി സര്‍വകലാശാലയുടെ പരിശീലനകേന്ദ്രത്തിലോ 10 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ എ.ബി.സി ശസ്ത്രക്രിയ നടപടിക്രമങ്ങളില്‍ പ്രത്യേക പരിശീലനം നേടുകയും ചെയ്ത ഏതൊരു വെറ്ററിനറി ഡോക്ടര്‍ക്കും നായ്ക്കളിലും പൂച്ചകളിലും എ.ബി.സി ശസ്ത്രക്രിയ നടത്താമെന്ന ഭേദഗതി വേണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.