ബഷീര്‍ കൊടിയത്തൂര്‍
കോഴിക്കോട്: ഉന്നതപഠനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമൊരുക്കുന്ന പരീക്ഷ എഴുതാനാവാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എട്ടാം തരത്തില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്കുള്ള നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷ എഴുതാനുള്ള അവസരമാണ് വരുമാനസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ നഷ്ടമാവുന്നത്.
രക്ഷിതാക്കളുടെ വരുമാനം 1.5 ലക്ഷത്തിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. അതിനാല്‍തന്നെ അപേക്ഷയോടൊപ്പം രക്ഷിതാവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതും എന്‍.എം.എം.എസ് പരീക്ഷക്ക് എന്ന പേരില്‍ വാങ്ങിയത് തന്നെ വേണം.
സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട വില്ലേജ് ഓഫിസില്‍ ഇപ്പോള്‍ ഭൂരേഖ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെയും ഭൂനികുതി അടക്കുന്നതിന്റെയും തിരക്കാണ്. ഇതിനായി നൂറുകണക്കിനാളുകള്‍ രാവിലെ തന്നെ തമ്പടിക്കുന്നതിനാല്‍ വില്ലേജ് ഓഫിസറടക്കമുള്ള ജീവനക്കാര്‍ ഇതിന്റെ തിരക്കിലാണ്. അതിനാല്‍ മറ്റൊരു അപേക്ഷയും ഇവര്‍ പരിഗണിക്കുന്നില്ല. വരുമാനത്തിനായി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ അതിന് മറുപടി നല്‍കേണ്ടത് വില്ലേജ് ഓഫിസില്‍ നിന്നാണ്. മറ്റു അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവച്ചതിനാല്‍ ഒരാഴ്ച മുമ്പ് അപേക്ഷ നല്‍കിയവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. നേരത്തെ നല്‍കിയ അപേക്ഷകള്‍ ഓണം മുതലുള്ള തുടര്‍ച്ചയായ അവധി കാരണം തീരുമാനമായിട്ടുമില്ല. പലയിടത്തും വില്ലേജ് ഓഫിസര്‍ ഇല്ലെന്നതും സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന് തടസമായിട്ടുണ്ട്. അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് എന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന ധാരണയുമില്ല.
പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന ദിനം ഇന്നാണ്. സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ ആയിരക്കണക്കിനു കുട്ടികള്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാനാവില്ല. നേരത്തെ മതിയായ അപേക്ഷകരില്ലാത്തതിനാല്‍ അപേക്ഷിക്കാനുള്ള അവസരം കഴിഞ്ഞ മാസം 30ല്‍ നിന്ന് ഈ മാസം 15 വരെ നീട്ടിയിരുന്നു. ഓഫിസുകള്‍ക്ക് നീണ്ട അവധിയായതിനാല്‍ നേരത്തെ അപേക്ഷിച്ചിട്ടും യഥാസമയം സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായില്ല. ഒരിക്കല്‍ കൂടി അപേക്ഷാ സമയം നീട്ടണമെന്ന ആവശ്യമാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്. വരുമാന പരിധിക്ക് പുതുക്കിയ റേഷന്‍ കാര്‍ഡ് മതിയെന്നിരിക്കെ അനാവശ്യ നിബന്ധനയാണ് ഇപ്പോള്‍ സാധാരണക്കാരുടെ കുട്ടികളുടെ അവസരം നഷ്ടമാക്കുന്നത്.
ഏഴാം തരത്തില്‍ 55 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി എട്ടാംതരത്തിലെത്തിയവര്‍ക്കാണ് പരീക്ഷയിലൂടെ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത് ഏറെ ആശ്വാസമാണ്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി പഠനത്തിനു പുറമെ ഉന്നത പഠനത്തിനും ഈ സ്‌കോളര്‍ഷിപ്പിന്റെ സഹായം ലഭിക്കും. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിക്കാണ്. നവമ്പര്‍ അഞ്ചിനാണ് പരീക്ഷ.