തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന കനത്ത മഴയില്‍ 15 പേര്‍ മരിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലികളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഇടുക്കിയില്‍ മാത്രം എട്ടു പേരാണ് മരിച്ചത്. അടിമാലിയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചു പപേര്‍ മരിച്ചു. ഇടുക്കി പെരിയാര്‍വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു പേരും മുരിക്കാശ്ശേരിക്കടുത്ത് രാജപുരത്ത് ഉരുള്‍പ്പൊട്ടി ഒരാളും മരിച്ചു. മലപ്പുറത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അഞ്ചു പേര്‍ മരിച്ചു. നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. ജില്ലയില്‍ വ്യാപകമായ കൃഷിനാശവുമുണ്ടായി. അരിക്കോടിനു സമീപം മൂര്‍ക്കനാട് പാലത്തിന്റെ പകുതിയോളം ഒലിച്ചുപോയി.
കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മട്ടിമല, പൂവാറഉംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരാളെയും കാണാതായിട്ടുണ്ട്. മട്ടിക്കുന്ന് സ്വദേശി റിജിത്തനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍പ്പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയില്‍ കാണാതായത്. കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. 60 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. റവന്യുമന്ത്രി അടിയന്തരയോഗം വിളിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ല ഒറ്റപ്പെട്ടു. വൈത്തിരിയില്‍ ഉരുള്‍പ്പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ട് ഒരു വീട്ടമ്മ മരിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും ഏഴു വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ്സ് ഹൗസും തകര്‍ന്നു.
വയനാട്ടില്‍ നിന്ന് താഴേക്കു വരാനുള്ള താമരശ്ശേരി, കുറ്റിയാടി, പാല്‍ചുരം എന്നീ മൂന്നു ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങിയതോടെ ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.