കോഴിക്കോട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്ത് വെല്ലപ്പൊക്കകെടുതികള്‍ തുടരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രളയമേഖലയില്‍ ജീവനു വേണ്ടി കേഴുന്നവരെ സൈന്യമിറങ്ങിയിട്ടും ഇതുവരെയും രക്ഷപ്പെടുത്താനായില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടുകഴിയുന്നവരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും ശ്രമം തുടരുകയാണ്. മഴതുടങ്ങിയ ആഗസ്റ്റ് എട്ടു മുതലുള്ള കണക്കനുസരിച്ച് ഇതുവരെ 171 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണ സംഖ്യ 200 കടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ദുരന്തത്തില്‍ ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടക്കിടെ തിമര്‍ത്ത് പെയ്യുന്ന മഴ നഗരത്തെ വെളളത്തിലാഴ്ത്തി. മാവൂര്‍റോഡിലെ കടകള്‍ക്ക് മുന്നില്‍ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. വാഹനങ്ങള്‍ വെള്ളത്തിലൂടെയാണ് നീങ്ങുന്നത്. മാവൂര്‍റോഡിലെ കടകളെല്ലാം വെള്ളക്കെട്ട് കാരണം അടച്ചു. മൊഫ്യൂസല്‍ സ്റ്റാന്റും വെള്ളത്തില്‍ മുങ്ങി. സമീപത്തുള്ള വീടുകളെല്ലാം വെള്ളത്തിലാണ്. മാനാഞ്ചിറ നിറഞ്ഞുകവിയുന്ന അവസ്ഥയാണ്. ഇതുകാരണം ടൗണ്‍ഹാള്‍ റോഡില്‍ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. നഗരപരിധിയില്‍ കോട്ടൂളി, പറയഞ്ചേരി, പൊറ്റമ്മല്‍, പാലാഴി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വലിയങ്ങാടിയിലും പുതിയങ്ങാടിയിലും കെട്ടിടം തകര്‍ന്നുവീണു. ആളപായമില്ല.
മാങ്കാവ് ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമായിരുന്നുവെങ്കിലും ഇന്നലെ വെള്ളം ഇറങ്ങിതുടങ്ങി. മാങ്കാവ് ശ്മശാനത്തിന് സമീപം 40 വീടുകളില്‍ വെള്ളം കയറിയിരുന്നു. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മാവൂര്‍, വാഴക്കാട്, ഊര്‍ക്കടവ് ഭാഗങ്ങളില്‍ നൂറ്കണക്കിന് വീടുകള്‍ വെള്ളത്തിലായി. ചാലിയാര്‍ കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. ദുരിതാശ്വാസക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി. വെള്ളം കയറുന്നതിനൊപ്പം ഒഴുക്ക് ശക്തമായതും പ്രതിസന്ധി സൃഷ്ടിക്കുകയുണ്ടായി. ഇന്നലെ താരതമ്യേന മഴ കുറഞ്ഞത് ആശ്വാസമായി.
ചേവരമ്പലം ഹരിതനഗറില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കല്ലുത്താന്‍കടവ് കോളനിക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബേബി മെമ്മോറിയല്‍ ആസ്പത്രി കോമ്പൗണ്ടിലും വെള്ളം കയറി. ഒളവണ്ണയിലും നല്ലളം ബസാറിലും അരീക്കാട് ഭാഗത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പുത്തൂര്‍മഠം സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനോലികനാലും കല്ലായിപുഴയും ചാലിയാറും കരകവിഞ്ഞൊഴുകുകയാണ്. കോട്ടൂളി ഭാഗത്ത് തോണിയിലാണ് ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.കക്കോടി, ബാലുശ്ശേരി, മാവൂര്‍ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പാലാഴിയില്‍ ഇന്നലെ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും ദുരിതം അവസാനിച്ചിട്ടില്ല.