തിരുവല്ല: കല്ലുങ്കല്‍ കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയതോടെ 95 പേര്‍ ഒറ്റപ്പെട്ടു. താലൂക്കില്‍ നിരണം, കടപ്ര, മേപ്രാല്‍, ചാത്തങ്കേരി, കല്ലുങ്കല്‍, എന്നിവിടങ്ങളില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂര്‍, ഇടനാട്, പാണ്ടനാട്, കല്ലിശ്ശേരി, ഇടയാറന്‍മുള, മുണ്ടങ്കാവ്, മംഗലം, എന്നിവിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടു. തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലില്‍ മുപ്പതോളം പെണ്‍കുട്ടികള്‍ കുട്ടികള്‍ ഒറ്റപ്പെട്ടു.
ഇടയാറന്‍മുള പഴയ പോസ്റ്റിനും മാലക്കര ആല്‍ത്തറ ജങ്ഷനും ഇടയില്‍ പുതുപ്പറന്പില്‍ തോമസ് മാത്യുവിന്റെ വീട്ടില്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. നിരണം മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം അനുഗ്രഹതീരം വൃദ്ധസധനത്തിനോട് ചേര്‍ന്ന് ഒരു കുടുംബം വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. നന്നാട് അമ്പാടി ഫാമിനടുത്ത് ചെറിയ കുട്ടികളടക്കമുള്ള കുടുംബവും ഒറ്റപ്പെട്ടു. പാണ്ടനാട് പഞ്ചായത്ത് ഓഫീസിന് തെക്കുഭാഗത്ത് ഏഴ് കുടുംബങ്ങളും രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണ്. തൃക്കണ്ണാപുരം കീഴ്വന്‍വഴിയില്‍ മൂന്ന് കുട്ടികളും അമ്മയും വൃദ്ധയും കുടുങ്ങി.
പാണ്ടനാട് ഇല്ലിമുളയിലും നിരവധി കുടുംബങ്ങളും രക്ഷാപ്രവര്‍ക്കരെ കാത്തിരിക്കുകയാണ്. തിരുവണ്ടൂര്‍ വാവത്തുക്കര ക്ഷേത്രത്തിന് സമീരം ആറ് മാസം പ്രായമുളള കുട്ടിയടക്കം കുടുംബം ഒറ്റപ്പെട്ടു. പള്ളക്കൂട്ടുമ്മ പാലത്തില്‍ നിരവധിയാളുകളാണ് ചങ്ങനാശ്ശേരിയിലേക്ക് ബോട്ട് കാത്ത് നില്‍ക്കുന്നത്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പ്രളയബാധിത മേഖലകളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെയോടെ പുനരാരംഭിച്ചിരുന്നു. കര,നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.