തിരുവനന്തപുരം: വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യ ബസുകള്‍ 19ന് പണിമുടക്കും. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. നിലവിലുള്ള സ്വകാര്യപെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്‌സ് പിന്‍വലിക്കുക, ഡീസലിന്റെ സെയില്‍ടാക്‌സ് 24 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറക്കുക തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഫെഡറേഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സൂചനാ പണിമുടക്കിനെ തുടര്‍ന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വകാര്യബസ് വ്യവസായം സംരക്ഷിക്കാനും നിലനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ദേശസാത്കൃത റൂട്ടുകളിലെ സപ്ലിമെന്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട 31 റൂട്ടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പുറത്തിറക്കിയ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. അടുത്ത മാസം ഇതിന്റെ കാലാവധി കഴിയുമെന്നതിനാല്‍ സ്വകാര്യബസ് പെര്‍മിറ്റുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഈ ആശങ്കകള്‍ക്കിടയിലാണ് രണ്ട് തവണ ഡീസല്‍ വില വര്‍ധിച്ചതെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി സത്യന്‍, ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍, വൈസ് പ്രസിഡന്റ് സി.മനോജ്കുമാര്‍, ബസ് ഓപറേറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ടി.ജെ രാജു, ജോണ്‍സണ്‍ പയ്യപ്പള്ളി, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ വി.ജെ സെബാസ്റ്റ്യന്‍, പി.പ്രദീപന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.