50 വർഷത്തിലധികമായി റൂട്ടും പേരും മാറാതെ സർവീസ് നടത്തുന്ന “സ്വപ്ന” ബസ് ഓർമയായി. 140 കിലോമീറ്റർ ദൂരപരിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഈ മാസം ഒന്നു മുതലാണ്, നിലമ്പൂർ – കോട്ടയ്ക്കൽ – തൃശൂർ റൂട്ടിലെ യാത്രക്കാർക്കു ഏറെ പ്രിയപ്പെട്ട ബസ് ഓട്ടം നിർത്തിവച്ചത്. രാവിലെ 5.30ന് തേൾപ്പാറയിൽ നിന്നു പുറപ്പെട്ട് 10ന് തൃശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെത്തുന്ന ബസ് 2.30ന് തൃശൂരിൽ നിന്നെടുത്താൽ വൈകിട്ട് ഏഴരയോടെ തേൾപ്പാറയിൽ തിരിച്ചെത്തുകയായിരുന്നു പതിവ്.
അഭിഭാഷകർ, അധ്യാപകർ, വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ തുറകളിലെ ഒട്ടേറെ ആളുകൾ പതിവു യാത്രക്കാരായിരുന്നു. കുന്ദംകുളം, കോട്ടയ്ക്കൽ, മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ചുമട്ടുതൊഴിലാളികൾ ബസിലെത്തുന്ന സാധന സാമഗ്രികളെ കാത്തുനിന്നു. ഗോപിനാഥ് മുതുകാടിന്റെ ബന്ധുക്കളാണ് ബസ് വാങ്ങിയത്.
ഓട്ടം തുടങ്ങിയതിൽ പിന്നെ മൂന്നാമത്തെ ഉടമയുടെ കൈവശമാണ് ഇപ്പോൾ ബസുള്ളത്. എല്ലാവരും മലപ്പുറം ജില്ലക്കാർ. ഉടമകൾ മാറിയിട്ടും പേര് മാറ്റിയില്ല. മാറി മാറി വന്ന ജീവനക്കാരും ഇതേ ജില്ലയിലുള്ളവർ. നിലവിൽ 5 ജീവനക്കാരുണ്ട്. പതിവുയാത്രക്കാരിൽ ആരെയെങ്കിലും കാണാതായാൽ ജീവനക്കാർ മറ്റുള്ളവരോട് കാര്യമന്വേഷിക്കും.
ജീവനക്കാർ അവധിയെടുത്താൽ തിരിച്ചുമുണ്ട് അന്വേഷണമെന്ന് 20 വർഷത്തോളം കണ്ടക്ടറായിരുന്ന സൈതലവി പൂക്കോട്ടുംപാടം. ദൂരപരിധിയുടെ പേരിൽ ബസ് സർവീസ് നിർത്തിവയ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒന്നര വർഷം മുൻപാണ് കെഎസ്ആർടിസി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.