ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നതില്‍ അതൃപ്തിയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. 25ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ വാക്‌സിനേഷന്‍ എടുത്തവരുടെ കണക്ക്. ആരോഗ്യപ്രവര്‍ത്തകരുമായി ഇടപഴകുന്നതിലും അവരില്‍ കുത്തിവെപ്പ് എടുക്കുന്നതിനെ കുറിച്ച് ആത്മവിശ്വാസം വളര്‍ത്തുന്നതിലും സംസ്ഥാനത്തിന് വീഴ്ചപറ്റിയെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കുറവ് നിരക്കാണ് രേഖപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആദ്യദിനം 161 സെഷനുകളിലായി 2945 പേരാണ് തമിഴ്‌നാട്ടില്‍ കുത്തിവെപ്പെടുത്തത്. കേരളത്തില്‍ 133 സെഷനുകളിലായി 8062പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. തിങ്കളാഴ്ചയിലെ കണക്കുപ്രകാരം കേരളത്തില്‍ 7070ഉം തമിഴ്‌നാട്ടില്‍ 7628 ഉം പേരാണ് കുത്തിവെപ്പെടുത്തത്. കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് കുത്തിവെപ്പ് എടുക്കുന്നതില്‍ മുന്നിലുള്ളത്. 70 ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ കുത്തിവെപ്പ്.