പിണറായി വിജയന്‍ പൊലീസില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വാര്‍ത്തയേ അല്ലാതായി മാറിയിട്ടുണ്ട്. പൊലീസുകാരുടെ ദുഷ്പ്രവൃത്തികള്‍മൂലം സര്‍ക്കാരിന് തലകുനിക്കേണ്ട സ്ഥിതി വരുന്നുവെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ വിളിച്ചുപറയേണ്ടിവന്ന സ്ഥിതിയിലാണിന്ന് കേരളം. ഭര്‍ത്താവ് ജയിലിലായ തക്കം നോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സി.ഐയും പോക്‌സോ കേസിലെ ഇരയെ തെളിവെടുപ്പ് യാത്രയില്‍ ഉപദ്രവിച്ച എ.എസ്.ഐയും അവസാന കണ്ണികള്‍ മാത്രം. ലൈംഗിക അതിക്രമത്തിന് പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ വീട്ടമ്മയെ വാടകവീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റിലായ സംഭവം നടന്നത് തിരുവനന്തപുരത്താണ്.
പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് ഇന്ത്യയില്‍ നിലവില്‍ വന്നിട്ട് പത്ത് വര്‍ഷമാകുന്ന വേളയില്‍ തന്നെയാണ് എ.എസ്.ഐ പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തികഞ്ഞ ഉത്തരവാദിത്തത്തോടെ നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമ ലംഘകരാകുന്നു എന്ന അത്യന്തം ഗൗരവമാര്‍ന്ന വിഷയത്തിലേക്ക് വിരല്‍ചൂണ്ടുന്നു ഇത്തരം സംഭവങ്ങള്‍. സംരക്ഷണ ചുമതലയുള്ളവരില്‍ നിന്നുണ്ടാകുന്ന ലൈംഗികാതിക്രമത്തെ പോക്‌സോ നിയമം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. രക്ത ബന്ധമുള്ളവരില്‍ നിന്നോ, പൊലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് നേരിടുന്ന അതിക്രമങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ 20 വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ മുതല്‍ വധശിക്ഷ വരെ വിധിക്കാമെന്നാണ് 2019 ലെ പോക്‌സോ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ മൂന്നാം മുറക്കു തുനിയരുതെന്നു വ്യക്തമായ നിര്‍ദ്ദേശമുള്ളപ്പോഴാണ് ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണങ്ങളും ഇപ്പോഴും നടക്കുന്നത്. കുറ്റകൃത്യങ്ങളിലേര്‍പെടുന്നവരെ പുറത്താക്കുമെന്ന് പലവുരു മുഖ്യമന്ത്രിക്കു പറയേണ്ടിവന്നുവെങ്കിലും ഇതുവരെ സര്‍വീസില്‍നിന്ന് പുറത്താക്കിയ ക്രിമിനല്‍ പൊലീസുകാരുടെ എണ്ണം തുലോം കുറവാണ്. വെറും 18 പേര്‍. ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പൊലീസുകാരുടെ പട്ടിക നിലവിലുണ്ട്. ഇതിനുപുറമെ വിവിധ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള 691 പൊലീസുകാര്‍ വേറെയുമുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിചിത്രമാണ്. ഇത്തരം സംഭവങ്ങളിലുള്‍പ്പെടുന്നവരെ നിയമാനുസൃതം ശിക്ഷിക്കാനുള്ള നടപടിയാണ് എടുക്കേണ്ടത്. കുറ്റകൃത്യം നടത്തിയത് പൊലീസായാലും ശിക്ഷ ഉറപ്പുവരുത്തണം.
പൊലീസ് സേനയുടെ ക്രിമിനല്‍വത്കരണം കൂടിവരുന്നതായി ഏറെ നാളായി പല കോണുകളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്. ക്രിമിനല്‍ പൊലീസിന്റെ തൊപ്പി തെറിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കാറുണ്ടെങ്കിലും സസ്‌പെന്‍ഷന്‍, നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസ്സാര നടപടികളില്‍ നടപടി ഒതുങ്ങും. ആറു മാസത്തെ സസ്‌പെന്‍ഷനുശേഷം അതേ സ്റ്റേഷനിലോ മറ്റേതെങ്കിലും സ്റ്റേഷനിലോ കാക്കിയിട്ട് വീണ്ടും വിലസാം. ഇത്തരക്കാര്‍ക്ക് മുന്‍പ് ക്രമസമാധാനച്ചുമതല നല്‍കിയിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു മുന്‍കരുതല്‍ പോലുമില്ല. ഇന്റലിജന്‍സ് റിവ്യൂവും ഇല്ലാതായി. എസ്.ഐക്കെതിരായ വകുപ്പുതല അന്വേഷണം തീരാന്‍ 15 വര്‍ഷം വേണ്ടിവരുന്നതാണ് നമ്മുടെ സംവിധാനം. അപ്പോഴേക്കും ഡിവൈ.എസ്.പിയാവും. വിരമിക്കാറാവുമ്പോഴേക്കും ക്ലീന്‍ റിപ്പോര്‍ട്ട് റെഡിയാവും.
പെന്‍ഷനില്‍ 250 രൂപ കുറവു ചെയ്യുന്നതാവും ‘കടുത്ത ശിക്ഷ’. പൊലീസ് ആക്ടിലെ 86 (ബി) ചട്ടപ്രകാരം അക്രമം, അസാന്മാര്‍ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍നിന്ന് പുറത്താക്കാം. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ് ജോലിക്ക് ‘അണ്‍ഫിറ്റാണെങ്കില്‍’ 86 (സി) ചട്ടപ്രകാരം പുറത്താക്കാം. പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാം. പക്ഷേ ഇതെല്ലാ കടലാസില്‍ ഒതുങ്ങുന്നുവെന്നുമാത്രം. പ്രതികളായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താലും ആറു മാസം കഴിയുമ്പോള്‍ പുനഃപരിശോധിക്കുകയും 95 ശതമാനം പൊലീസുകാരെയും തിരിച്ചെടുക്കുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് കാക്കിയിട്ടുള്ള ക്രമസമാധാനപാലനം നല്‍കുകയും ഗുരുതരമായ ചാര്‍ജ്ജ് മെമ്മോ നല്‍കാതെ രക്ഷിക്കുകയും ചെയ്യും. ഇതാണ് ഇവിടെ നടക്കുന്നത്. പൊലീസില്‍നിന്ന് ജനങ്ങള്‍ക്കു നിഷ്പക്ഷമായ സേവനം ലഭിക്കണമെങ്കില്‍ അവര്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ സ്വതന്ത്രവും സത്യസന്ധവുമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളിലേര്‍പെടുന്ന പൊലീസുകാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുകയാണ് കുറ്റകൃത്യം കുറയാനുള്ള ഫലപ്രദമായ മാര്‍ഗം. പൊലീസിന്റെ വീര്യം തകരുമെന്ന് ഇടക്കിടെ പറഞ്ഞ് ക്രിമിനല്‍ പൊലീസിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പറയാതെ വയ്യ.