സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്.
നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാദ്ധ്യതകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മുന്നറിയിപ്പ്. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പ് നടത്തുന്ന രീതിയും നിലവിലുണ്ടെന്ന് ഓര്‍മപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ ഗ്യാലറികളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ ശ്രദ്ധിക്കുക.
ആവശ്യപ്പെടുന്ന അനുമതികള്‍ എല്ലാം സമ്മതിച്ച് നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്ടാള്‍ ചെയ്യുന്നു. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.
മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ തന്നെ നിയന്ത്രിക്കാന്‍ ഹാക്കറിനെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിലീറ്റ് ചെയ്ത ഫയലുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാം.