കണ്ണൂര്‍: പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനാത്തതിനാല്‍ ട്രോളുണ്ടാക്കി കാത്തിരിക്കുകയാണ് തളിപ്പറമ്പ പൊലീസ്. പ്രതിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്രോളുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചാരിപ്പിക്കുമ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞു ആരെങ്കിലും വിളിച്ചറിയിച്ചാലോ…. ആ വിളിക്ക് കാത്തിരിക്കുകയാണ് പൊലീസ്..
നാട്ടുകാരെ ചിരിപ്പിച്ചു കള്ളനെ പിടിക്കാനാള്ള ഈ ശ്രമം എത്രകണ്ട് വിജയിക്കുമെന്നത് വലിയ സംശയം തന്നെയാണ് പക്ഷേ, പ്രതീക്ഷയ്ക്ക് ഒട്ടും കുറവുമില്ല. അന്വേഷണം നടത്തി ഫലമില്ലെന്ന് കണ്ടപ്പോഴാണ് പുതിയ കാലത്ത് നവീനഅന്വേഷണ രീതിയുമായി രംഗത്ത് എത്തിയത്. തൃക്കരിപ്പൂര്‍ തങ്കയം മുക്ക് സ്വദേശിനിയും വിരമിച്ച അധ്യാപകയുമായ ലീലക്കുട്ടിയുടെ അഞ്ച് പവന്‍ മാല കവര്‍ന്ന യുവാവിനെ കണ്ടെത്താനുള്ള ശ്രമമാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്.
കേസ് ഇങ്ങനെ
കഴിഞ്ഞ ദിവസം ഉച്ചയോടെ പയ്യന്നൂര്‍ സൗത്ത് ബസറില്‍ ലീലക്കുട്ടിയും മകള്‍ നവ്യയും നടന്ന് പോകുമ്പോള്‍ ടീച്ചറേ എന്നും വിളിച്ച് യുവാവ് അടുത്തെത്തി. സുഖാന്വേഷണം നടത്തി. അത്യാവശ്യമായി അന്‍പതിനായിരം രൂപ ആവശ്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പത്തായിരം രൂപ മാത്രമാണുള്ളതെന്നും പറഞ്ഞു. തുക ഇല്ലെന്ന് പറഞ്ഞ അധ്യാപികയോട് കഴുത്തിലെ മാല ഊരി പണയം വെച്ച് പണം തന്നാല്‍ വൈകിട്ട് തന്നെ മാലയെടുത്ത് തരാമെന്നും പറഞ്ഞു കയ്യിലുള്ള പത്തായിരം രൂപ ടീച്ചറുടെ കൈയ്യില്‍ വെച്ച് കൊടുത്തു. പാവം ടീച്ചറാവട്ടെ അതു വിശ്വസിച്ചു മാല നല്‍കി. യുവാവ് മാലയും വാങ്ങി പയ്യന്നൂര്‍ സഹകരണ ആസ്പത്രിയുടെ പ്രധാന കവാടത്തിലൂടെ അകത്തേക്ക് പോയി. കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് അധ്യാപികയ്ക്ക് ബോധം വന്നത്. ആസ്പത്രിയിലെത്തി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാവിന്റെ സിസിടിവി ദൃശ്യം കിട്ടിയപ്പോള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി യും നല്‍കി.
ആരാണ് ആ കള്ളന്‍
ആരാണെന്ന് പൊലീസിനും അറിയില്ല. ആളെ കണ്ടെത്താന്‍ പലവഴികളും നോക്കി. വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചു ഫലമില്ല. അന്വേഷണം പലവഴിക്കു നടന്നു. ഒരു തുമ്പുമില്ല. ഇതിനിടയിലാണ് ഈ ആശയം ഉതിച്ചത്. തമാശ വായിച്ചു തള്ളുന്നതിനിടയില്‍ ആരെങ്കിലും തിരിച്ചറിഞ്ഞാലോ.. അധ്യാപിക പയ്യന്നൂരിലെ ഇന്റര്‍നെറ്റ് കഫെയില്‍ പോയപ്പോഴാണ് അവിടെയെത്തിയയുവാവ് തന്ത്രപരമായി വിശദവിവരങ്ങള്‍ മനസ്സിലാക്കിയത്. തുടര്‍ന്നാണ് തട്ടിപ്പ്.
മാര്‍ച്ച് ഏഴിന് പയ്യന്നൂര്‍ കോര്‍ട്ട് റോഡില്‍ നിന്ന് വിരമിച്ച അധ്യാപകനായ പി.പത്മനാഭന്റെ പത്തായിരം രൂപ തട്ടിയത് ഇയാളെണെന്നും പൊലീസ് സംശയിക്കുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് സര്‍ക്കാറില്‍
നിന്നും ഇരുപത്തിയയ്യായിരം രൂപ ലഭിക്കുന്ന പദ്ധതിയുണ്ടെന്നും പത്തായിരം രൂപ ഇതിനായി ചെലവ് വരുമെന്നു പറഞ്ഞു പണം തട്ടിയിരുന്നു.
ലക്ഷ്യം ബോധവല്‍ക്കരണം കൂടി
പ്രതിയെ പിടികൂടാനുള്ള ശ്രമം മാത്രമല്ല ഈ ട്രോള്‍. പുതിയ കാലത്തെ തട്ടിപ്പിനെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനു കൂടിയാണ്. പതിനായിരക്കണക്കിനു ജനങ്ങളോട് വളരെ എളുപ്പത്തില്‍ സംവദിക്കാനാവുന്നു എന്നതാണ് ഈ പ്രചാരണം കൊണ്ട് തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള ടീം ഉദ്ദേശിക്കുന്നത്. പിന്നെ പ്രതിയെ തിരിച്ചറിഞ്ഞാല്‍ വിളിക്കാന്‍ മറക്കേണ്ട…9497935312,9539007721.