തിരുവനന്തപുരം: കേരള പൊലീസ് വാടകക്കെടുത്ത ഹെലികോപ്ടര്‍ സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ആറു മാസത്തിനിടെ അഞ്ചു തവണ മാത്രം പറന്ന കോപ്ടറിന് വാടകയിനത്തില്‍ പത്തു കോടി രൂപയാണ് നല്‍കേണ്ടി വരുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാര വാടകയുടെ വിശദ വിവരങ്ങള്‍ ചോദിച്ചിട്ടും പൊലീസ് ഇതു വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ധനകാര്യ വകുപ്പ് അനുമതി നല്‍കിയത്. പതിനെട്ട് ശതമാനം ജിഎസ്ടി ഉള്‍പ്പെടെ ഒരു കോടി 70 ലക്ഷം രൂപയായിരുന്നു അനുവദിച്ച തുക. ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് ഈ തുക. ഉപയോഗിച്ചില്ലെങ്കിലും ഈ പണം ഡല്‍ഹിയിലെ പവന്‍ ഹാന്‍സ് കമ്പനിക്ക് കൈമാറാണം. ആദ്യഗഡു കൈമാറിയതിന് പിന്നാലെ മാര്‍ച്ചിലാണ് കോപ്ടര്‍ കേരളത്തിലെത്തിയത്.
ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ 10.23 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. കോപ്ടര്‍ വന്നിട്ട് അഞ്ചു തവണ മാത്രമാണ് അതുപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. പെട്ടിമുടി പോലുള്ള ദുരന്ത സ്ഥലങ്ങളില്‍ കോപ്ടര്‍ പ്രയോജനം ചെയ്തുമില്ല.