വയനാട്: തൊവരിമലയില്‍ ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ അവകാശം സ്ഥാപിച്ചവരെ ഒഴിപ്പിക്കാന്‍ ക്രൂര മര്‍ദ്ദന മുറകളുമായി സര്‍ക്കാര്‍ രംഗത്ത്. തൊവരിമലയില്‍ കയറിയ ആയിരത്തിലധികം പേരെയാണ് പോലീസും വനംവകുപ്പും ചേര്‍ന്ന് ഒഴിപ്പിക്കുന്നത്. അതേസമയം, സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റു ചെയ്തു. സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപറ്റ തുടങ്ങിവയവരടക്കം ഏഴോളം പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളെ പോലും വിലക്കിക്കൊണ്ടാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം പേര്‍ തൊവരിമലയില്‍ കയറിയത് അധികൃതര്‍ പോലും അറിഞ്ഞില്ല. അറിഞ്ഞ് വന്നപ്പോഴേക്കും കുടില്‍കെട്ടി സമരത്തിന് തുടക്കമായിരുന്നു. നൂറ് കണക്കിന് ആദിവാസി സ്ത്രീകളുള്‍പ്പെടെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ഭൂരഹിതരാണ് തൊവരിമലയിലെത്തിയത്. ജീവിക്കാനും, വീടൊരുക്കാനും കൃഷിചെയ്യാന്‍ ഭൂമി വേണമെന്നതാണ് അവരുടെ ആവശ്യം.
ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത നെന്മേനി പഞ്ചായത്തിലെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമിയിലാണ് ഭൂസമരസമിതി കുടില്‍ കെട്ടി സമരം ആരംഭിച്ചത്. 13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘടിച്ചെത്തി ഭൂമിയില്‍ അവകാശം സ്ഥാപിച്ചത്. തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കം സമരസമിതി കൈവശപ്പെടുത്തി. ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം അടക്കം സമരം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭൂസമരസമിതി ഭൂമിയില്‍ കയറാന്‍ തീരുമാനിച്ചത്. വിവിധ പഞ്ചായത്തുകളില്‍ ഭൂരഹിതരുടെ കണ്‍ന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് സംഘടിതമായ നീക്കത്തിലൂടെ ഭൂമിയില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിയിറക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇന്ന് രാവിലെ ഇവരെ ഒഴിപ്പിക്കുകയായിരുന്നു.
ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികളുള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ ഭൂമിയില്‍ ഭൂസമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും (എഐകെകെഎസ്) ആദിവാസി ഭാരത് മഹാസഭ (എബിഎം) യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി ഭൂമി പിടിച്ചെടുത്തത്. പ്രക്ഷോഭത്തിന് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗവും എഐകെകെഎസ് സംസ്ഥാന സെക്രട്ടറിയുമായ എം.പി.കുഞ്ഞിക്കണാരന്‍, സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, ഭൂസമരസമിതി നേതാക്കളായ കെ. വെളിയന്‍, ബിനു ജോണ്‍ പനമരം, ജാനകി വി, ഒണ്ടന്‍ മാടക്കര, രാമന്‍ അടുവാടി എന്നിവരാണ് സമരത്തിന് ഭൂമി പിടിച്ചെടുക്കലിന് നേതൃത്വം നല്‍കിയത്.