തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇതെ തുടര്‍ന്ന് സര്‍വകക്ഷിസംഘത്തിന്റെ ഇന്നത്തെ ഡല്‍ഹി യാത്ര ഉപേക്ഷിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്താനാണ് സര്‍വകക്ഷിസംഘം ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് സര്‍വകക്ഷി സംഘത്തെ ഡല്‍ഹിക്ക് അയക്കുവാന്‍ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയവുമായി പ്രധാനമന്ത്രിയെ കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അനുമതി തേടുകയും സമയം നിശ്ചയിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ധനകാര്യമന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി.
സഹകരണ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രിയും സംസ്ഥാന ധനകാര്യമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ടിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ഒന്നിച്ചും അദ്ദേഹത്തെ കണ്ടിരുന്നു. അതെ വിഷയത്തിനായി വീണ്ടും ധനകാര്യമന്ത്രിയെ കാണേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി യാത്ര റദ്ദാക്കിയത്. പകരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി റസിഡന്റ് കമ്മീഷണര്‍ മുഖേന നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര ഗവണ്‍മെന്റിന് കൈമാറും. ഇക്കാര്യത്തില്‍ കേരളത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തികൊണ്ടുള്ള കത്തും കേന്ദ്രത്തിന് അയക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍വകക്ഷി സംഘത്തെ കാണാന്‍ വിമുഖത കാണിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷഭേദമന്യ കടുത്ത പ്രതിഷേധമുയര്‍ന്നു. സര്‍വകക്ഷി സംഘത്തിന് സമയം അനുവദിക്കാത്തത് സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അനാദരവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ നിയമസഭ ഒറ്റക്കെട്ടായാണു തീരുമാനിച്ചത്. രാഷ്ട്രീയമായ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പ്രധാനമന്ത്രിയെ കണ്ടു വിഷയം ധരിപ്പിക്കണമെന്നായിരുന്നു ബി.ജെ.പി അംഗമായി ഒ. രാജഗോപാല്‍ പോലും നിയമസഭയില്‍ ആവശ്യപ്പെട്ടത്.
കേരള നിയമസഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി തയാറല്ല എന്നാണ് നടപടിയില്‍ നിന്ന് മനസിലാകുന്നത്. സംസ്ഥാനത്തെയും നിയമസഭയെയും അംഗീകരിക്കുകയെന്ന മര്യാദ കേന്ദ്ര സര്‍ക്കാരുകള്‍ കാണിക്കാറുള്ളതാണ്. എന്നാല്‍, തനിക്ക് ഇതൊന്നും ബാധകമല്ല എന്ന നിലപാടാണ് പ്രധാനമന്ത്രിയുടേത്. ഹിറ്റ്‌ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നാസിസ്റ്റ്, ഫാഷിസ്റ്റ് നയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന നയിക്കുന്ന സര്‍ക്കാരില്‍ നിന്നു വലിയ ജനാധിപത്യ മര്യാദയൊന്നും പ്രതീക്ഷിക്കേണ്ടെന്നു വ്യക്തമായി.
കേരളത്തില്‍ നിന്നു പോയ ബി.ജെ.പി സംഘത്തിന്റെ നിര്‍ദേശമനുസരിച്ചാകാം സര്‍വകക്ഷി സംഘത്തെ കാണേണ്ടതില്ലെന്നു പ്രധാനമന്ത്രി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജനപങ്കാളിത്തത്തോടെ ഉയര്‍ന്നു വന്ന സഹകരണ മേഖലയെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല. സഹകരണ മേഖലയില്‍ അക്കൗണ്ടുള്ളവര്‍ക്കു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു സാധനം വാങ്ങാന്‍ ചെക്കു നല്‍കും. സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകക്ഷി നിവേദക സംഘത്തെ കാണാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അവഹേളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.