X

പാലാ വിട്ടു കൊടുക്കില്ലെന്ന് എന്‍സിപി; ജോസ് കെ മാണിയുടെ പണി പാളുമോ?

കൊച്ചി: തങ്ങള്‍ മത്സരിക്കുന്ന പാലാ അടക്കം ഒരു സീറ്റും വച്ചു മാറില്ലെന്ന് എന്‍സിപി. പാലാ സീറ്റ് കൈമാറണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വരുന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി നാലിടത്ത് മത്സരിക്കുമെന്നും എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന നേതൃയോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ആവശ്യപ്പെട്ടു. പാലാ കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണ് എന്നാണ് പാര്‍ട്ടി നേതാവ് റോഷി അഗസ്റ്റിന്‍ പറഞ്ഞത്.

പാലാ തങ്ങള്‍ക്കു തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു. പാലാ വിട്ടു നല്‍കില്ല. ഇടതു മുന്നണിക്ക് ഒപ്പം തന്നെ നില്‍ക്കും. മുന്നണിയില്‍ ഇതുവരെ പാലാ ചര്‍ച്ചയായിട്ടില്ല- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലാ മാണി സാറിന് ഭാര്യയാണ് എങ്കില്‍ തനിക്ക് ചങ്ക് ആണ് എന്നും നേരത്തെ മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. പാലാ കിട്ടിയില്ലെങ്കില്‍ മാണി സി കാപ്പന്‍ മുന്നണി വിടുമെന്നും സൂചനയുണ്ട്.

ഇടതുപക്ഷത്തേക്കുള്ള ജോസ് കെ മാണി ഗ്രൂപ്പിന്റെ വരവ് ഇതോടെ എല്‍ഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പാലാ വിട്ടുനല്‍കണമെന്ന ശക്തമായ ആവശ്യമാണ് ജോസ് കെ മാണി ഉന്നയിക്കുന്നത്. എന്നാല്‍ വിട്ടു നല്‍കില്ലെന്ന് എന്‍സിപി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് നേതൃത്വം ധര്‍മസങ്കടത്തിലായിട്ടുണ്ട്.

Test User: