X

ബന്ധുനിയമനം: മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ നിരത്തി പ്രതിപക്ഷം

തിരുവനന്തപുരം: ബന്ധുനിയമനങ്ങളുടെ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് പ്രതിപക്ഷം നിയമസഭയില്‍. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടതിനു തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു സതീശന്‍.

മുഖ്യമന്ത്രി കാണണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഫയലില്‍ എഴുതിയിരുന്നെന്ന് ബന്ധു നിയമന നിയമനം അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സാമാന്യയുക്തിക്കു നിരക്കാത്തതാണെന്നു സതീശന്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
വിജിലന്‍സ് ഡയറക്ടര്‍ വേഷംമാറി മുഖ്യമന്ത്രിയെ കണ്ടതെന്തിനെന്നും സതീശന്‍ ചോദിച്ചു. കൂട്ടിലെ തത്ത സ്വതന്ത്രമായെങ്കില്‍ എന്തിനായിരുന്നു രഹസ്യ കൂടിക്കാഴ്ചയെന്നും തത്ത ഇപ്പോള്‍ ക്ലിഫ് ഹൗസ് പരിസരത്ത് പറക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു.

എന്നാല്‍ തത്തയുടെ കാല്‍ തല്ലിയൊടിച്ചു ചിറകു മുറിക്കുന്ന രീതി പരിചയമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തത്തയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി . പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.വിവാദ നിയമനങ്ങള്‍ തന്റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല. താന്‍ അറിയേണ്ട കാര്യവുമില്ല. നിയമനങ്ങള്‍ വകുപ്പ് മന്ത്രി അറിഞ്ഞാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Web Desk: