X

അതിക്രമങ്ങളില്‍ വിറങ്ങലിച്ച് കേരളം

കേരളാ പൊലീസ് ബൂട്ടിട്ട് ചവിട്ടാനുള്ളവരാണോ…. കേരളത്തെ ഞെട്ടി വിറപ്പിച്ച കൊലപാതകങ്ങളുടെ നീണ്ട നിരയുമായി 2021 കടന്നുപോയതിന് പിറകെ 2022 ലും കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. എന്തിനായിരുന്നുവെന്ന് പോലും ഉത്തരം കിട്ടാത്ത കൊലപാതകങ്ങളായിരുന്നു 2021 ല്‍. ഒരു നിമിഷത്തെ പകയും പ്രതികാരവും ജീവനെടുക്കുന്നതില്‍ എത്തി നില്‍ക്കുമ്പോള്‍ വികാരങ്ങളുടെയും മനുഷ്യരുടെയും വില തിരിച്ചറിയാത്ത ഒരു ലോകത്തേക്ക് നീങ്ങി കഴിഞ്ഞിരിക്കുന്നു നാം. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളൊന്നായി ചുമലിലേറ്റ് കൊണ്ടാണ് കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്കാലിക ജോലിക്ക് പോയി തുടങ്ങിയത്. എന്നാല്‍ അവിടെ കരിനിഴലായി നന്ദു പ്രത്യക്ഷപെട്ടു തുടങ്ങി. ഡിസംബര്‍ 17 ന് രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി കുത്തിപരുക്കേല്‍പിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പ്ലസ്ടുവില്‍ ഒരേ സ്‌കൂളില്‍ പഠിച്ചിരുന്ന വിനീഷിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ഏലംകുളം സ്വദേശി ദൃശ്യയുടെ ജീവന്‍ പൊലിഞ്ഞത്. ശല്യം സഹിക്ക വയ്യാതെ ആയതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവീട്ടുകാരെയും വിളിപ്പിച്ച് യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചു. ഇത് വിനിഷില്‍ പ്രതികാരം വര്‍ദ്ധിപ്പിച്ചു. പിതാവിന്റെ പെരിന്തല്‍മണ്ണയിലെ കടയില്‍ തീയിട്ട ശേഷം വീടിനു സമീപത്ത് ഒളിച്ചിരുന്ന പ്രതി രാവിലെ ദൃശ്യയുടെ വീട്ടില്‍ കയറി കുത്തുകയായിരുന്നു.

തല മുതല്‍ പാദം വരെയും കുത്തി തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങള്‍ തകര്‍ത്തതായിരുന്നു പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സൂര്യ നേരിടേണ്ടി വന്നത്. ഓഗസ്റ്റ് 30നാണ് തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍വെച്ച് സൂര്യഗായത്രിയെ അരുണ്‍ കുത്തിക്കൊന്നത്. ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തിയിരുന്ന സൂര്യയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായ നിധിനയെ സഹപാഠി അഭിഷേകിന്റെ കൊലക്കത്തി തേടിയെത്തിയത് പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷയ്ക്കായി 2021 ഒക്ടോബര്‍ ഒന്നാം തീയതി എത്തുമ്പോഴാണ്. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് നിഥിനയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മാനസ കൊല്ലപ്പെട്ടത് കോതമംഗലം ദന്തല്‍ കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. സൗഹൃദം നിരസിച്ചതിന്റെ പേരിലായിരുന്നു രഖില്‍ മാനസയെ കൊലപ്പെടുത്തിയത്. അതിനു ശേഷം രഖിലും ആത്മഹത്യാ ചെയ്തു. മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രണ്ടായിരത്തി ഇരുപത്തൊന്നു അനേകം ജീവിതങ്ങളില്‍ കരി നിഴല്‍ പടര്‍ത്തി. ഓരോ കൊലപാതകത്തോടൊപ്പവും അവരെ ആശ്രയിച്ച അനേകം കുടുംബങ്ങളെയുമാണ് കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.പുതു വര്‍ഷം ആരംഭിച്ചപ്പോഴേക്കും കൊല്ലം ജില്ലയിലെ കടക്കലില്‍ ഏഴ് വയസ്സുള്ള മകന്റെ കണ്‍മുന്നില്‍ വെച്ച് ഇരുപത്തിരണ്ട് കാരിയായ ഭാര്യയെ ഭര്‍ത്താവ് ഇല്ലാതാക്കിയ വാര്‍ത്തയും വന്നുകഴിഞ്ഞു.

 

Test User: